പള്ളിക്കൽ : ടൗക് തേ ചുഴലിക്കാറ്റിൽ അകപ്പെട്ട് അറബിക്കടലിൽ മുങ്ങിയ ബാർജിൽ ഉണ്ടായിരുന്ന മകനെയോർത്ത് കണ്ണുനീരോടെ കഴിഞ്ഞ എട്ട് ദിവസമായി കാത്തിരിക്കുകയാണ് ഇൗ കുടുംബം. പ്രതീക്ഷ നൽകുന്ന ഒരു ആശ്വാസവാക്കുപോലും ഇതുവരെ ഈ വീട്ടിലേക്കെത്തിയിട്ടില്ല.പഴകുളം ആലുംമൂട് വി.വി.വില്ലയിൽ സുരേന്ദ്രന്റെ മകൻ വിവേക് സുരേന്ദ്രൻ (32) അറബി കടലിൽ മുങ്ങിയ ഒ.എൻ.ജി.സി.യുടെ പി - 305 ബാർജിലെ സേഫ്റ്റി ഓഫീസറായിരുന്നു. ആറ് വർഷമായി വിവേക് ഇവിടെ ജോലിനോക്കുന്നു. കഴിഞ്ഞ 16ന് പിതാവ് സുരേന്ദ്രനെ വിളിച്ച് 28ന് നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നതാണ്. 17നാണ് അപകടം നടന്നത്. വിവേക് രക്ഷപെട്ടെത്തും എന്ന പ്രതീക്ഷയിലാണ് ഈ കുടുംബം . കേന്ദ്രമന്ത്രി വി.മുരളീധരനുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദുബൈയിൽ ജോലി നോക്കുന്ന വിവേകിന്റെ അനുജൻ വിശാൽ മുംബൈയിലെത്തി കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്. എണ്ണ ഖനനവുമായി ബന്ധപ്പെട്ട ദൗത്യത്തിലായിരുന്ന മൂന്ന് ബാർജുകളാണ് ചുഴലിക്കാറ്റിൽ അപകടത്തിൽപെട്ടത്. ഇതിൽ ഒരു ബാർജ് പൂർണമായും കടലിൽ മുങ്ങിപോയിരുന്നു. ഇത് പിന്നീട് കടലിന്റെ അടിത്തട്ടിൽ നാവികസേന കണ്ടെത്തി. മുങ്ങിയ ബാർജിലെ 18 പേരെ കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമായിട്ടില്ല. കമ്പനി അധികൃതർ അന്വേഷണത്തിന് എല്ലാ സഹകരണവും നൽകി കൂടെയുണ്ടെന്ന് വീട്ടുകാർ പറഞ്ഞു.