പത്തനംതിട്ട: വിദേശ രാജ്യങ്ങളിൽ നിന്ന് നാട്ടിൽ തിരികെ എത്തിയ പ്രവാസികൾ കൊവിഡ് വാക്‌സിനേഷന് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുവാൻ നടപടികൾ സ്വീകരിക്കണമെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
കൊവിഡിന്റെ അതിതീവ്ര വ്യാപനം ഇന്ത്യയിൽ രൂക്ഷമായതോടെ പല വിദേശ രാജ്യങ്ങളും തിരികെ എത്തുന്നവർക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുന്ന സാഹചര്യത്തിൽ കുടുംബത്തോടെയും അല്ലാതെയും നാട്ടിൽ എത്തിയ പ്രവാസികളും പുതുതായി തൊഴിൽ വിസ ലഭിച്ചിട്ടുള്ളവരും വാക്‌സിനേഷൻ ലഭിക്കാതെ പ്രതിസന്ധിയിലാണ്.
വിദേശ രാജ്യങ്ങളിൽ ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ച് നാട്ടിൽ എത്തിയിട്ടുള്ളവർ, വിസാ കാലാവധി അവസാനിക്കാറായവർ, തൊഴിൽ, കുടുംബ വിസാ ലഭിച്ചവർ എന്നിവരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി വാക്‌സിനേഷൻ ലഭ്യമാക്കണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ.ഹർഷ വർദ്ധൻ, വിദേശകാര്യ വകുപ്പ് സഹ മന്ത്രി വി.മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.