അടൂർ: ലോക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലായ കർഷക തൊഴിലാളി കുടുംബങ്ങൾക്ക് കെ.എസ്.കെ.ടി.യു മണ്ണടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. പ്രദേശത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുൾപ്പെടെ 500ഓളം കുടുംബങ്ങൾക്കാണ് ആദ്യഘട്ടം വിതരണം ചെയ്യുന്നതെന്ന് മേഖലാ സെക്രട്ടറി അവിനാഷ് പള്ളീനഴികത്ത് പറഞ്ഞു. മണ്ണടി മുടിപ്പുര ജംഗ്‌ഷനിൽ നടന്ന യോഗത്തിൽ യൂണിയൻ ഏരിയ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എസ്.ഷിബു വിതരണോദ്ഘാടനം നിർവഹിച്ചു. മേഖലാ പ്രസിഡന്റ് എം. ജയകുമാർ, പഞ്ചായത്തംഗം ലിന്റോ, രവീന്ദ്രൻനായർ, ആർ, ബലഭദ്രൻപിള്ള, അജോ സാംസൺ, രാഹുൽ എന്നിവർ സംസാരിച്ചു.