market
പുതുമല ഗ്രാമചന്ത

ഏഴംകുളം : പുതുമല ഗ്രാമച്ചന്തയിലേക്ക് വരൂ... ശുദ്ധജലത്തിൽ വളർത്തിയെടുത്ത മത്സ്യവും സബ്സിഡി നിരക്കിൽ കപ്പയും വാങ്ങാം. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ പുതുമല ഒന്നാം വാർഡിൽ കർഷകരുടെ നേതൃത്വത്തിൽ ഗ്രാമച്ചന്ത ആരംഭിച്ചതോടെ ഇടനിലക്കാരുടെ ചൂഷണമില്ലാതെ മിതമായ നിരക്കിൽ തികച്ചും ഗ്രാമീണമായ കാർഷിക വിഭവങ്ങൾ വാങ്ങാനാകും. വൈവിദ്ധ്യങ്ങളായ കാർഷിക ഉൽപ്പന്നങ്ങൾ ലഭ്യമായതോടെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഗ്രാമച്ചന്ത ജനങ്ങൾക്ക് ഏറെ സ്വീകാര്യമായി. കർഷകരുടെ ഉൽപ്പന്നങ്ങൾ തൊട്ടടുത്തുതന്നെ വിറ്റഴിക്കുന്നതിനുള്ള വിപണികൂടിയായി ഇവിടം മാറി. ഇന്നലെ നടന്ന മത്സ്യം, കപ്പ വിൽപ്പന ഏറെ സ്വീകാര്യമായിരുന്നു.

ഹോർട്ടി കോർപ്പുമായി സഹകരിച്ചായിരുന്നു സൗജന്യ നിരക്കിൽ കപ്പ വിൽപ്പന. ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം ഹോർട്ടി കോർപ്പ് കർഷകരിൽ നിന്ന് ന്യായവിലയ്ക്ക് ശേഖരിക്കുന്ന കപ്പയാണ് സബ്സിഡി ഒഴിവാക്കി 25 രൂപയ്ക്ക് മൂന്ന് കിലോ വീതം വിൽപ്പന നടത്തിയത്. ലോക്ക് ഡൗണിനെ തുടർന്ന് കപ്പ വിൽപ്പന നടത്താനാകാതെ കർഷകർ ദുരിതത്തിലായിരുന്നു.

ഭക്ഷ്യസുരക്ഷാ പദ്ധതിപ്രകാരം വിളവെടുപ്പ് നടത്തിയ മത്സ്യമാണ് ഗ്രാമച്ചന്തയിൽ വിറ്റഴിച്ചത്. പുതുമല കാരക്കൽ ഏലായിലെ സ്വകാര്യ കുളത്തിൽ നടത്തിയ മത്സ്യക്കൃഷിയുടെ വിളവെടുപ്പ് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു നിർവ്വഹിച്ചു. പഞ്ചായത്ത് അംഗം ബാബു ജോൺ അദ്ധ്യക്ഷതവഹിച്ചു. ബിജു ഉണ്ണിത്താൻ, അഡ്വ.അജി ഭാസ്കർ, അരുൺ എന്നിവർ പങ്കെടുത്തു. തിലോപ്പിയ, രോഹു,കട്ല ഇനങ്ങളിൽപ്പട്ട മത്സ്യങ്ങളാണ് വിൽപ്പന നടത്തിയത്.

ഇടനിലക്കാരുടെ ചൂഷണം കാരണം കർഷകന് വിളകൾക്ക് ന്യായവില ലഭിക്കുന്നില്ല. ചൂഷണം ഒഴിവാക്കുന്നതിനൊപ്പം തനിനാടൻ ഉൽപ്പന്നങ്ങൾ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുക എന്നതാണ് ഗ്രാമച്ചന്ത ലക്ഷ്യമിടുന്നത്.

ബാബു ജോൺ,

ഗ്രാമപഞ്ചായത്തംഗം, പുതുമല വാർഡ്