കൊടുമൺ: ചന്ദനപ്പള്ളി പ്രഥമികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയാക്കണമെന്ന് കൊടുമൺ ഗ്രാമ പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രി വീണാജോർജിനും പഞ്ചായത്ത് ഉൾപ്പെടുന്ന നിയോജകമണ്ഡലത്തിലെ എം.എൽ.എയായ ചിറ്റയം ഗോപകുമാറിനും നിവേദനം നൽകി. അറുപത് വർഷം മുൻപ് സ്ഥാപിച്ചതാണ് ചന്ദനപ്പള്ളി ഡിസ്പെൻസറി. അന്ന് കൊടുമൺ പഞ്ചായത്തിലെ ജനസംഖ്യ പതിനായിരത്തിൽ താഴെയായിരുന്നു. ഇപ്പോൾ 18 വാർഡുകളിലായി നാൽപ്പതിനായിരത്തിന് മുകളിലാണ് ജനസംഖ്യ. ചന്ദനപ്പള്ളി ആശുപത്രിയോളം പഴക്കമുള്ള അടൂരിലെയും പത്തനംതിട്ടയിലെയും ഗവ. ആശുപത്രികളെ താലൂക്ക്, ജനറൽ ആശുപ്രതികളായി അപ്ഗ്രേഡ് ചെയ്തിരുന്നു. ചന്ദനപ്പള്ളി ആശുപത്രിയെ തഴയുകയായിരുന്നു. ചന്ദനപ്പള്ളി ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്കുള്ള സംവിധാനമുണ്ടാക്കണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം. അതിനുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ട്. മറ്റ് സാഹചര്യങ്ങൾ ഒരുക്കി കൊടുക്കാൻ തയാറാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ പറഞ്ഞു.

അങ്ങാടിക്കൽ വടക്കേ കരയിലുള്ള ഗവ. ആയുർവേദ ആശുപത്രിയുടെ സ്ഥിതിയും ദയനീയമാണ്. അടൂർ പ്രകാശ് ആരോഗ്യ മന്ത്രിയായിരുന്നപ്പോൾ ഇവിടെ 10 കിടക്കകൾ അനുവദിച്ചതാണ്. ഇവിടെ ചികിത്സയ്ക്ക് എത്തുന്ന വയോജനങ്ങൾ അടക്കമുള്ള രോഗികളുടെ എണ്ണം കൂടുതലാണ്. കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കണം. ആവശ്യത്തിന് ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിക്കണമെന്നും കെ.കെ. ശ്രീധരൻ ആവശ്യപ്പെട്ടു.