തിരുവല്ല: മൂക്കലേറിസ് വിഭാഗത്തിൽപെടുന്ന ഫംഗസ് ബാധ കൊണ്ടുണ്ടാകുന്ന രോഗമാണ് മൂക്കർമൈക്കോസിസ്. വായുവിലും മണ്ണിലും ചാണകത്തിലും ചീഞ്ഞ പഴങ്ങളിലും, ബ്രഡ്, തടി തുടങ്ങിയവയുടെ പ്രതലങ്ങളിലും കാണപ്പെടുന്ന ഫംഗസാണ് ബ്ലാക്ക് ഫംഗസ്, ഈ ഫംഗസിന്റെ സ്‌പോറുകൾക്ക് കറുത്ത നിറമായതുകൊണ്ടാണ് ബ്ലാക്ക് ഫംഗസ് എന്ന് ഇവ അറിയപ്പെടുന്നത്. അനുകൂലമായ സാഹചര്യം ലഭിക്കുമ്പോൾ (ഈർപ്പം, കാർബോഹൈഡ്രേറ്റിന്റെ സാന്നിദ്ധ്യം) ഈ ഫംഗസ് മുളച്ച്, നൂലുപോലെയുള്ള മൈസീലിയം എന്ന ഘടന രൂപപ്പെടും. ഇത് രോഗിയുടെ ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് വേർപെടുത്തിയെടുക്കാനാവാത്തവിധം പർന്നുപിടിക്കും. വളരെ വേഗത്തിലാണ് ഫംഗസ് പടർന്നുപിടിക്കുക. അന്തരീക്ഷത്തിലും വിവിധ വസ്തുക്കളിലും കാണപ്പെടുമെങ്കിലും അനുകൂല സാഹചര്യത്തിൽ മാത്രമാണ് രോഗം ബാധിക്കുക. അതുകൊണ്ട് ഈരോഗം ഓപ്പർച്യൂണിറ്റിക് ഡിസീസ് എന്ന വിഭാഗത്തിൽപെടുന്നു. സാഹചര്യം അനുകൂലമാകുമ്പോൾ മാത്രം ഫംഗസ് ബാധയുണ്ടാകുന്നതും അതുകൊണ്ടാണ്.
പ്രതിരോധശേഷി തീരെ കുറഞ്ഞവരിൽ രോഗം വേഗം
പ്രതിരോധശേഷി തീരെ കുറഞ്ഞവരിൽ ഫംഗസ്ബാധ വളരെ വേഗത്തിലായിരിക്കും. ഉപയോഗിക്കുന്ന മാസ്‌കിൽ ഈർപ്പം തങ്ങിനിൽക്കുമ്പോൾ ഫംഗസ് വളരാനുള്ള സാദ്ധ്യത ഡോക്ടർമാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരുവല്ല മാർത്തോമാ കോളേജിൽ ബോട്ടണി വിഭാഗം റിസർച്ച് സ്‌കോളറായ സ്വപ്‌ന എസ്. നടത്തിയ ഗവേഷണത്തിന്റെ ഭാഗമായി ജില്ലയിലെ ഫംഗസുകളെ തിരിച്ചറിയുകയും പഠനങ്ങൾ നടത്തുകയും പി.എച്ച്.ഡി പ്രബന്ധം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ എല്ലാ താലൂക്കുകളിലും നിന്ന് ഫംഗസിന്റെ അഞ്ചു ജീനസും (കണ്ണിങ് ഹാമെല്ല, ഗോൺഗ്രോണെല്ല, മ്യൂക്കർ, റൈസോപസ്, സിൻസെഫലാസ്ട്രം) മഞ്ഞുകാലത്തും മഴക്കാലത്തും വേർതിരിച്ചെടുത്ത് അവ ന്യൂഡൽഹിയിലെ നാഷണൽ സെന്റർ ഫോർ ഫംഗൽ ടാക്‌സോണമി (എൻ.സി.എഫ്.ടി) യിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2013 മുതൽ 2017 വരെയുള്ള ഗവേഷണകാലയളവിൽ നടത്തിയ പരീക്ഷണനിരീക്ഷണങ്ങളുടെ ഫലമാണ് ഈ കണ്ടെത്തൽ. തിരുവല്ല മാർത്തോമാ കോളേജ് ബോട്ടണിവിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ഡോ.നീത എൻ.നായരുടെ കീഴിലായിരുന്നു സ്വപ്‌നയുടെ ഗവേഷണമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.വറുഗീസ് മാത്യു അറിയിച്ചു. ഡോ.നീത എൻ.നായർ ഇപ്പോൾ ആലപ്പുഴയിലെ മണ്ണിലുള്ള ഫംഗസുകളുടെയും കാടുകളിലെ ഫംഗസുകളുടെയും പഠനഗവേഷണങ്ങളിൽ വ്യാപൃതയാണ്.