മൊബൈൽ ഫോൺ കടകൾ ആഴ്ചയിൽ രണ്ടു ദിവസം തുറക്കാൻ അനുവദിക്കണമെന്ന് വ്യാപാരികൾ
പത്തനംതിട്ട: എപ്പോഴും ഒപ്പമുള്ള മൊബൈൽ ഫോണുകളുടെ അറ്റകുറ്റപ്പണികളും പുതിയ ഫാേണുകളുടെ വിൽപ്പനയും ലോക് ഡൗണിൽ മുടങ്ങിയത് ഉപയോക്താക്കളെ വലയ്ക്കുന്നു. ജൂൺ മുതൽ സ്‌കൂൾ കുട്ടികൾക്ക് ഓൺലൈൻ ക്‌ളാസ് ആരംഭിച്ചാൽ മൊബൈൽ ഫോൺ ഉപയോഗിക്കാനാകാത്തവർ നിരവധിയുണ്ട്. ഫോണുകളുടെ തകരാറുകൾ പരിഹരിക്കാൻ ലോക് ഡൗണിൽ മൊബൈൽ കടകളില്ല. പുതിയ ഫോൺ വാങ്ങണമെന്നുള്ളവർക്കും കടകളില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു. സ്‌കൂൾ പഠനം മാത്രമല്ല, സംഗീതം, നൃത്തം തുടങ്ങി വിദ്യാർത്ഥികളുടെ പഠനങ്ങളും മൊബൈൽ ഫോൺ തകരാറ് കാരണം മുടങ്ങുന്നുണ്ട്. ഒരു ഫോൺ മാത്രമുള്ള വീടുകളിലുള്ളവർക്ക് ഓൺലൈൻ ക്‌ളാസുകൾ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. തകരാർ പരിഹരിക്കാൻ പലരും മൊബൈൽ കട ഉടമകളെ വിളിക്കാറുണ്ട്. ലോക് ഡൗൺ ആയതിനാൽ അവരും നിസാഹയരാണ്. ഫോണുകൾ നന്നാക്കുന്ന ടെക്‌നീഷ്യൻമാരെ കണ്ടെത്തിയാൽ അവരുടെ വീടുകളിൽ പോകാൻ പൊലീസ് പരിശോധന കാരണം പ്രയാസം നേരിടുന്നു.
മൊബൈൽ ഫോൺ സെയിൽസ് ആൻഡ് സർവീസിനെ അവശ്യ വിഭാഗത്തിൽ പെടുത്തി കടകൾ ആഴ്ചയിൽ രണ്ടു ദിവസം തുറക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
അവശ്യ സാധനങ്ങളും കെട്ടിട നിർമാണ സാമഗ്രകളും വിൽക്കുന്ന കടകൾ തുറക്കാൻ അനുവദിച്ചിട്ടുളളതു പോലെ മൊബൈൽ ഫോൺ കടകളും തുറക്കണം
'' മൊബൈൽ ഫോൺ തകരാർ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഫോൺ കോളുകൾ വരുന്നു. ലോക് ഡൗണിൽ ചില വ്യാപാര സ്ഥാപനങ്ങൾക്ക് ഇളവ് നൽകിയ സാഹചര്യത്തിൽ മൊബൈൽ ഫോൺ കടകൾ ആഴ്ചയിൽ രണ്ട് ദിവസം തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണം.
നൗഷാദ് കണ്ണങ്കര,
ഓൾ കേരള മൊബൈൽ ഷോപ്‌സ് ഓണേഴ്‌സ് സെന്റർ ജില്ലാ പ്രസിഡന്റ്.