underpass
വെള്ളക്കെട്ടുള്ള കുറ്റൂർ റെയിൽവേ അടിപ്പാതയിലെ നടപ്പാതയുടെ സ്ളാബിന്റെ കോൺക്രീറ്റ് തകർന്ന നിലയിൽ

തിരുവല്ല: വെള്ളക്കെട്ടിന്റെ യാത്രാക്ലേശത്തിന് പിന്നാലെ കുറ്റൂർ റെയിൽവേ അടിപ്പാതയിലെ നടപ്പാതയും തകർന്നു. ഇതുവഴിയുള്ള യാത്രക്കാർക്ക് നിത്യദുരിതത്തിലായി. കഴിഞ്ഞദിവസങ്ങളിൽ മഴ കനത്തപ്പോൾ ഇവിടെ വെള്ളക്കെട്ടായിരുന്നു. ഇതിൽ നിന്നും രക്ഷനേടാൻ വഴിയാത്രക്കാർ ഉപയോഗിച്ചിരുന്ന നടപ്പാതയാണ് ഇപ്പോൾ തകർന്നത്. നടപ്പാതയിലെ കോൺക്രീറ്റ് സ്ളാബ് തകർന്നതോടെ വഴിയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായി. സ്ളാബ് പൊട്ടി നടുഭാഗത്തെ കോൺക്രീറ്റ് അടർന്ന് ഉള്ളിലെ കമ്പി മാത്രമായി. ഇതിനിടയിൽ യാത്രക്കാരുടെ കാൽ കുടുങ്ങാനുള്ള സാദ്ധ്യതയും ഏറെയാണ്. പകൽ സമയത്തുപോലും അടിപ്പാതയുടെ ഉള്ളിൽ വെളിച്ചകുറവായതിനാൽ സ്ളാബിന്റെ തകർച്ച ശ്രദ്ധയിൽപ്പെടില്ല. അടിപ്പാതയിലെ വെള്ളക്കെട്ടിൽ നിന്നും രക്ഷപെടാൻ ഇരുചക്ര വാഹന യാത്രക്കാരും ഈ നടപ്പാതയെ ആശ്രയിക്കുന്നതും തകർച്ചയ്ക്ക് കാരണമായി.

അഞ്ചുവർഷമായുള്ള ദുരിതം

അഞ്ചുവർഷം മുമ്പ് ലവൽക്രോസ് ഒഴിവാക്കി റെയിൽവേ ഈ അടിപ്പാതകൾ നിർമ്മിച്ചപ്പോൾ മുതൽ യാത്രക്കാരും പ്രദേശവാസികളും പലവിധത്തിലുള്ള ദുരിതങ്ങൾ അനുഭവിക്കുകയാണ്. നാലുവശവും കോൺക്രീറ്റ്‌ ചെയ്ത ബോക്സ് ആകൃതിയിലുള്ള അടിപ്പാതയാണ് നിർമ്മിച്ചത്. ഏകദേശം നൂറുമീറ്റർ നീളത്തിലും 12മീറ്റർ വീതിയിലും നിർമ്മിച്ച അടിപ്പാതയിൽ ഓടയും നടപ്പാതയും എല്ലാമുണ്ടെങ്കിലും മഴപെയ്താൽ വെള്ളപ്പൊക്കമാണ്. ചോർച്ചയില്ലെങ്കിലും റോഡിന്റെ പലഭാഗങ്ങളിൽ നിന്നും താഴ്ന്നു കിടക്കുന്ന ഇവിടേക്ക് ഒഴുകിയെത്തുന്ന മഴവെള്ളം രണ്ടുംമൂന്നും അടിവരെ പൊക്കത്തിൽ ഒഴുകിപ്പോകാതെ കെട്ടിക്കിടക്കും. ഇതുകാരണം റോഡിലൂടെ പോകാനാകാതെ ബുദ്ധിമുട്ടുകയാണ് യാത്രക്കാർ.

പരാതിയുണ്ടെങ്കിലും പരിഗണിച്ചില്ല

പ്രദേശത്തിന്റെ പ്രത്യേകതകളൊന്നും മനസിലാക്കാതെ അശാസ്ത്രീയമായാണ് അടിപ്പാത നിർമ്മിക്കുന്നതെന്ന് നിർമ്മാണം നടക്കുമ്പോൾ തന്നെ പ്രദേശവാസികൾ പരാതികൾ പറഞ്ഞെങ്കിലും അതൊന്നും പരിഗണിക്കാതെ അടിപ്പാത നിർമ്മിച്ചതാണ് കീറ്റാമുട്ടിയായ പ്രശ്ങ്ങൾക്ക് കാരണമായത്.

നാലുവശവും കോൺക്രീറ്റ്‌ ചെയ്ത ബോക്സ് ആകൃതിയിലുള്ള അടിപ്പാത

നൂറുമീറ്റർ നീളം , 12മീറ്റർ വീതി

മഴ പെയ്താൽ വെള്ളപ്പൊക്കം

കോൺക്രീറ്റ് സ്ലാബ് തകർന്നു