ഇലവുംതിട്ട: കൊവിഡിന് പിന്നാലെ എലിപ്പനി കൂടി സ്ഥിരീകരിച്ച ചെന്നീർക്കരർ പഞ്ചായത്തിൽ ആരോഗ്യ വകുപ്പും പഞ്ചായത്തും ജാഗ്രത മുന്നറിയിപ്പ് നൽകി. എലിപ്പനി ബാധിത പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പും പഞ്ചായത്തും ചേർന്ന് പ്രതിരോധ മരുന്നും ഭക്ഷണ പൊതികളും വിതരണം ചെയ്തു. ഈന്താറ്റുപാറ പുഞ്ചവയലിൽ കൊയ്ത്തിനിറങ്ങിയവരിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. ആശാ വർക്കർമാരും പഞ്ചായത്ത് അംഗങ്ങളും നേരിട്ട് ഇടപെട്ട് ഇന്നലെ കൂടുതൽ പേരെ ആശുപത്രികളിൽ എത്തിച്ചു. വണ്ടാനം മെഡിക്കൽ കോളേജ്, തിരുവല്ല സർക്കാർ ആശുപത്രി എന്നിവിടങ്ങളിലായി മൂന്ന് പേരും മറ്റിടങ്ങളിൽ പ്രാഥമിക ചികിത്സയിൽ 2 പേരുമാണ് ഉള്ളത്. മെഴുവേലി, കുളനട, ചെന്നീർക്കര പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചനുകളിൽ നിന്ന് സന്നദ്ധ പ്രവർത്തകരാണ് ഭക്ഷണ പൊതികൾ എത്തിച്ചത്. പൂപ്പൻകാല, ഒറ്റപ്ലാവ് നിൽക്കുന്നതിൽ, പ്ലാവിനാൽ, എത്തരം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഈന്താറ്റുപാറയിൽ കെയ്ത്തിനിറങ്ങിയത്. എത്തരം കോളനി കണ്ടെയ്ൻമെന്റ് സോണാണ്. സർക്കാർ അധീനതയിൽ കൃഷിയിറക്കിയ പുഞ്ചയിൽ കൊയ്ത്ത് യന്ത്രം ഇറക്കാൻ കഴിയാത്തതിനാൽ നാട്ടുകാർക്ക് നെല്ല് കൊയ്‌തെടുക്കാൻ അനുമതി ലഭിക്കുകയായിരുന്നു. ഇതനുസരിച്ചു ധാരാളം പേർ കഴിഞ്ഞയാഴ്ച കൊയ്ത്തിനിറങ്ങുകയിയിരുന്നു. നാല് ദിവസം മുൻപ് മുതലാണ് എലിപ്പനി ബാധ തുടങ്ങിയത്. ഇവിടെ പലയിടങ്ങളിൽ കൊവിഡ് രോഗത്തിന് പിന്നാലെയാണ് എലിപ്പനി ദുരിതം വിതച്ചിരിക്കുന്നത്. മോടിയോട് ചേർന്ന ചരിവുകാലായിൽ 2 പേരും കൊവിഡ് ചികിൽസയിലാണ്.