തിരുവല്ല: നഗരസഭയിലെ കണ്ടൈൻമെൻറ് സോൺ ഒഴികെയുള്ള വാർഡുകളിൽപ്പെട്ട അവശ്യസാധനങ്ങൾ വിൽപ്പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി. ഇന്ന് മുതൽ വൈകിട്ട് ഏഴുവരെ വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിന് ഇളവുകൾ നൽകി. എന്നാൽ സൂപ്പർമാർക്കറ്റുകളിൽ അവശ്യ സാധനങ്ങൾ ഒഴികെയുള്ളവ വിൽപ്പന നടത്തുവാൻ പാടുള്ളതല്ല. ഹോട്ടലുകൾക്ക് നിലവിലെ സ്ഥിതി തുടരാവുന്നതാണ്. വിവാഹം മുതലായ ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ വിൽക്കുന്ന ടെക്സ്റ്റയിൽ, ജൂവല്ലറി, ഫുട്ട് വെയർ എന്നീ സ്ഥാപനങ്ങൾ സർക്കാർ നിർദ്ദേശപ്രകാരം വിവാഹ പാർട്ടിക്ക് ആവശ്യമായ സാധനങ്ങൾ വിൽക്കുന്നതിനുമാത്രം ഒരു മണിക്കൂർ പ്രകാരം മാത്രം കടകൾ തുറക്കാവുന്നതാണ്. എന്നാൽ ഇത്തരം സ്ഥാപനങ്ങൾ വ്യാപകമായി തുറന്നു പ്രവർത്തിക്കുവാൻ പാടില്ലാത്തതും, ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തേണ്ടതുമാണ്. കടകളിൽ സാധനം വാങ്ങുവാൻ എത്തുന്നവർ ഒരു സമയത്ത് അഞ്ചുപേരിൽ കൂടുതൽ ഉണ്ടാകാൻ പാടില്ലാത്തതുമാണ്. തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങളും നിബന്ധനങ്ങളും നിർബന്ധമായും പാലിക്കേണ്ടതും ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതുമാണ്. കൊവിഡ് തീവ്രത കുറയുന്ന മുറയ്ക്ക് സർക്കാർ ലോക് ഡൗൺ നിറുത്തലാക്കുകയോ, നിയന്ത്രണത്തിൽ ഇളവു വരുത്തുകയോ ചെയ്യുന്നപക്ഷം മറ്റു വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കുന്നതാണ്. തിരുവല്ലയിലെ വ്യാപാരി സംഘടന പ്രതിനിധികളുമായി നഗരസഭ ചെയർപേഴ്സൺ, ആർ.ഡി.ഒ, ഡിവൈ.എസ്.പി, സി.ഐ, മുനിസിപ്പൽ സെക്രട്ടറി, പട്ടണത്തിലെ പ്രധാന പ്രദേശങ്ങളുമായി ബന്ധപ്പെട്ട നഗരസഭ കൗൺസിലർമാർ എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനമെന്നും നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാർ അറിയിച്ചു.