റാന്നി: നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ കുടമുരുട്ടി -കൊച്ചുകുളം അംബേദ്കർ റോഡ് തകർന്നു.
ടാറിങ് നടത്തിയിട്ട് പന്ത്രണ്ട് വർഷത്തിലേറെയായി. ശാസ്ത്രീയമായി ഓട നിർമ്മിക്കാത്തത് മൂലം കൊച്ചുകുളം മുതലുള്ള മഴവെള്ളം റോഡിലൂടെ ഒഴുകിയാണ് തകർന്നത്. .കാൽനട പോലും ദുഷ്കരമാണ്. വാഹനയാത്ര ഏറെ ബുദ്ധിമുട്ടാണ്. ദുരിതം ഏറെയാണ്. നാട്ടുകാർ നിരവധി പരാതികൾ നൽകിയെങ്കിലും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
അംബേദ്കർ റോഡ് പട്ടിക ജാതി പട്ടികവകുപ്പിന് കീഴിലാണെന്നും അവിടെനിന്ന് ഫണ്ട് ലഭിച്ചാൽ മാത്രമേ അറ്റകുറ്റപ്പണി നടത്താനാകു എന്നുമാണ് അധികൃതർ പറയുന്നത്. അതിനുശേഷം റോഡ് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു എന്നും പറഞ്ഞിരുന്നു. പൊതുമരാമത്തു വകുപ്പിന് കീഴിലാണ് റോഡ് ഇപ്പോൾ. നിയമസഭ തിരഞ്ഞെടുപ്പ് തുടങ്ങുന്നതിനു മുമ്പ് രാജു എബ്രഹാം19 ലക്ഷം രൂപ അനുവദിച്ചതായി അറിയിച്ചിരുന്നു. എന്നാൽ ഇതുവരെയും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. കാലവർഷം വരുന്നതോടെ യാത്ര കൂടുതൽ ബുദ്ധിമുട്ടാകും. . മഴ പെയ്യുമ്പോൾ കുഴികളുടെ വലുപ്പം അറിയാതെ വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടാറുണ്ട്. ബസ് സർവീസില്ല. ആഞ്ഞിലിമുക്ക് കൊച്ചുകുളം - അമ്പലം റോഡും തകർന്നുകിടക്കുകയാണ്. അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.