കലഞ്ഞൂർ: മഴക്കെടുതിയിൽ നാശനഷ്ടമുണ്ടായ കലഞ്ഞൂർ പഞ്ചായത്തിലെ കർഷകർ സർക്കാരിന്റെ അടിയന്തര നഷ്ടപരിഹാരത്തിനായി കാത്തിരിക്കുകയാണ്. പഞ്ചായത്തിലെ ഏക്കർ കണക്കിന് സ്ഥലത്താണ് വ്യാപകമായ കൃഷി നാശമുണ്ടായത്. സർക്കാർ നിർദേശത്തെ തുടർന്ന് കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകാനുള്ള കണക്കെടുപ്പ് തുടങ്ങിയത് ഇവിടുത്തെ കർഷകർക്ക് പ്രതീക്ഷ നൽകുന്നു. കർഷകർക്കുണ്ടായ നഷ്ടം, നൽകേണ്ട തുക എന്നിവയെക്കുറിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കാർഷി കോത്പ്പാദന കമ്മിഷണർ, കൃഷി വകുപ്പ്‌സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടർ എന്നിവർക്ക് കൃഷി മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ 2,055 ഹെക്ടർ സ്ഥലത്താണ് കൃഷി നാശമുണ്ടായത്. കലഞ്ഞൂർ പഞ്ചായത്തിൽ റബർ വാഴ, വെറ്റിലക്കൊടികൾ, തെങ്ങ്, കവുങ്ങ്, കുരുമുളക് കൊടികൾ, കശുമാവ്, മരച്ചിനി, കൈതചക്ക,കൊക്കോ,ജാതി, റംബൂട്ടാൻ , മാഗോസ്റ്റിൻ, ഗ്രാബൂ, പച്ചക്കറികൾ, കിഴങ്ങുവർഗ വിളകൾ എന്നിവ വ്യാപകമായി നശിച്ചിരുന്നു. വിളകൾ ഇൻഷ്വർ ചെയ്തവർക്ക് കൂടുതൽ നഷ്ടപരിഹാരം കിട്ടാൻ സാദ്ധ്യതയുണ്ട്. തോട്ടം മേഖലകളുൾപ്പെട്ട പ്രദേശങ്ങളിൽ നിരവധി റബർമരങ്ങളൊടിഞ്ഞു വീണു. ഡിപ്പോ ജംഗ്ഷനിലെ ഔഷധസസ്യ പാർക്കിലും സമീപത്തെ ഫാമിലും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി എസ്.എഫ്.സി.കെ യുടെ ഫാമിലും ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. പഞ്ചായത്തിലെ ഇരുപതിലേറെ വാർഡുകളിൽ പകുതിലെ വാർഡുകളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. കൂടൽ, ഇഞ്ചപ്പാറ, നെല്ലിമുരുപ്പ്, രാജഗിരി, പുന്നമൂട്, പാക്കണ്ടം ,മണക്കാട്ടുപുഴ, ചെറിയ കോൺ , പാലമല മേഖകളിലാണ് വലിയ നാശനഷ്ടമുണ്ടായത്. കെ.യു.ജനീഷ്‌കുമാർ എം.എൽ.എ ,ജില്ലാകൃഷി ഓഫീസർ, കോന്നി തഹസിൽദാർ എന്നിവർ കൃഷി നാശമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. പഞ്ചായത്തിലെ മഴക്കെടുതി സംബന്ധിച്ച് റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കെ.യു. ജനീഷ്‌കുമാർ എം. എൽ. എ. കത്ത് നൽകി.
-------------------
പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നതും, ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്യുന്നവരുമായ കർഷകരുടെ കാർഷീകവിളകളും വ്യാപകമായി നശിച്ചിട്ടുണ്ട്. തേക്ക് , ആഞ്ഞിലി, പ്ലാവ് തുടങ്ങിയ വൻവൃക്ഷങ്ങളും കടപുഴകി വീണു. കെ.എസ്.ഇ.ബിക്കുമാത്രം 50ലക്ഷം രൂപയുടെ നഷ്ടമുണ്ടായത്. നൂറിലധികം പോസ്റ്റുകളാണ് ഒടിഞ്ഞത്.
------------------
-ജില്ലയിൽ 2, 055 ഹെക്ടർ സ്ഥലത്താണ് കൃഷി നാശം
-കലഞ്ഞൂർ പഞ്ചായത്തിൽ 55 വീടുകൾ ഭാഗീകമായി നശിച്ചു
- 30 വീടുകൾ പൂർണമായും