പത്തനംതിട്ട: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ഷീരസംഘങ്ങൾക്കും ക്ഷീരകർഷകർക്കും ആശ്വാസമായി ജില്ലാ ക്ഷീരവികസന വകുപ്പ് സബ്സിഡികൾ പ്രഖ്യാപിച്ചു. 2021-2022 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊവിഡ് പാൻഡെമിക് റിലീഫ് പദ്ധതിപ്രകാരം ഏപ്രിലിൽ പാൽ അളന്ന കർഷകർക്ക് 50 കി.ഗ്രാം കാലിത്തീറ്റയ്ക്കു 400 രൂപയും മിനറൽ മിക്‌സ്ചറിന് 110 രൂപയും സബ്‌സിഡിയായി നൽകുന്ന പദ്ധതി ജില്ലയിൽ ഉടൻ ആരംഭിക്കുമെന്ന് ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ആർ.സിന്ധു പറഞ്ഞു. ജില്ലയിൽ പ്രവർത്തിക്കുന്ന 173 ക്ഷീരസംഘങ്ങളിലും കർഷകരുടെ പാൽ രണ്ട് നേരവും തടസമില്ലാതെ സംഭരിക്കുന്നതിന് ആവശ്യമായ നടപടികൾ വകുപ്പിന്റെ മേൽനോട്ടത്തിൽ സംഭരിച്ചുവരുന്നു. ഏപ്രിലിൽ ആകെ 18.04ലക്ഷം ലിറ്റർ പാല് സംഭരിക്കാൻ സാധിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരായ ക്ഷീരകർഷകരുടെ പശുക്കൾക്ക് ക്ഷീരസംഘങ്ങൾ മുഖേന വകുപ്പിന്റെ ഫീഡ് കംപോണന്റ് പദ്ധതിപ്രകാരം അടിയന്തരമായി വൈക്കലുകൾ നൽകിവരുന്നു.കൊവിഡ് സാഹചര്യത്തിൽ പ്രവർത്തനം നിറുത്തേണ്ടിവന്ന സംഘങ്ങൾ ഒന്നും തന്നെ ജില്ലയിൽ ഇല്ല. ക്ഷീരസംഘം ജീവനക്കാരെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തി വാക്‌സിനേഷൻ നൽകുന്നതിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ സംഘങ്ങളുടെ എഫ്.എസ്.എസ്.എ ലൈസൻസ്, സംഘം രജിസ്‌ട്രേഷൻ നമ്പർ എന്നീ രേഖകൾ അടിസ്ഥാനമാക്കി നടത്തുകയും ഇ ഹെൽത്ത് വെബ്‌പോർട്ടലിലൂടെ സംസ്ഥാനതലത്തിൽ മോണിട്ടർ ചെയ്തു വരുകയും ചെയ്യുന്നു.