ചെങ്ങന്നൂർ: ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മുൻ ബി.ജെ.പി നേതാവടക്കം മൂന്ന് പേർക്കെതിരെ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. ബി.ജെ.പി മുളക്കുഴ പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റും മുളക്കുഴ ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ കാരയ്ക്കാട് മലയിൽ സനു.എൻ.നായർ, ബുധനൂർ തഴുവേലിൽ രാജേഷ് കുമാർ, എറണാകുളം വൈറ്റില മുണ്ടെലി നടയ്ക്കാവിൽ ലെനിൻ മാത്യു എന്നിവർക്കെതിരെയാണ് പത്തനംതിട്ട കല്ലറക്കടവ് മാമ്പറ നിതിൻ.ജി കൃഷ്ണ പരാതി നൽകിയത്. ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് ആരോപിച്ച് നിതിനും സഹോദരനും ഉൾപ്പടെ 9 പേർ പരാതി നൽകിയിട്ടുണ്ടെന്ന് ചെങ്ങന്നൂർ സി.ഐ ഡി.ബിജു പറഞ്ഞു. എഫ്.സി.ഐ കേന്ദ്ര ബോർഡ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ലെനിൻ മാത്യുവിനെ സനുവാണ് പരിചയപ്പെടുത്തിയത്. വിശ്വാസ്യതയ്ക്ക് വേണ്ടി കോർപ്പറേഷന്റെ ബോർഡ് വെച്ച കാറിലാണ് ഇയാൾ ഉദ്യാഗാർത്ഥികളെ കാണാൻ എത്തിയിരുന്നത്. 10 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെയാണ് വാങ്ങിയത്. ആറ് മാസത്തിനുള്ളിൽ ജോലി നൽകാമെന്ന് പറഞ്ഞ് 2019 ഒക്ടോബറിൽ നിതിനോട് 10 ലക്ഷം രൂപ വാങ്ങി. നിയമനം ശരിയായിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് 2020 മേയിൽ 10 ലക്ഷം കൂടി വാങ്ങി. പിന്നീട് വ്യാജ നിയമന ഉത്തരവ് നൽകി കബളിപ്പിക്കുകയായിരുന്നു.

ജോലിക്കായുള്ള അഭിമുഖം നടത്താനായി ഉദ്യോഗാർത്ഥികളെ തിരുവനന്തപുരം, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇവിടെ എത്തിയവരെ എഫ്.സി.ഐ ഓഫീസുകളുടെ സമീപത്തുള്ള ഹോട്ടലുകളിലാണ് താമസിപ്പിച്ചിരുന്നത്. സ്വന്തം ചെലവിൽ ആഴ്ചകളോളം താമസിപ്പിച്ച ശേഷം പറഞ്ഞുവിടുകയായിരുന്നു . എൻ.ഡി.എയുടെ ഘടകകക്ഷിയായ എൽ.ജെ.പിയുടെ നേതാവും തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സനു കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ അരീക്കര ബ്ലോക്ക് ഡിവിഷനിൽ നിന്ന് എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. എന്നാൽ ഇയാൾക്ക് ഇപ്പോൾ ബി.ജെ.പിയുമായി ബന്ധമില്ലെന്ന് നേതാക്കൾ പറഞ്ഞു.