കലഞ്ഞൂർ: ആശാ വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു. നേതൃത്വത്തിൽ കലഞ്ഞൂർ പഞ്ചായത്തിലെ കൂടൽ പ്രാഥമികാരോഗ്യകേന്ദ്രത്തിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ നിർണായ പങ്ക് വഹിക്കുന്ന ആശാവർക്കർമാരെ കേന്ദ്രസർക്കാർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യാ കോ-ഓർഡിനേഷൻ കമ്മിറ്റി ഒഫ് ആശാ വർക്കേഴ്‌സ് രാജ്യവ്യാപകമായി നടത്തുന്നതിന്റെ ഭാഗമായിരുന്നു പ്രതിഷേധം. പ്രതിമാസം റിസ്‌ക് അലവൻസ് 10000 രൂപ നൽകുക, എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു.കൊടുമൺ എരിയാ കമ്മിറ്റിയംഗം എസ്. രാജേഷ് അദ്ധ്യക്ഷനായി. ആശാവർക്കേഴ്‌സ് യൂണിയൻ പഞ്ചായത്ത് കൺവീനർ രാജമണി ഉദയൻ, സി.പി.എം കൂടൽ ലോക്കൽ സെക്രട്ടറി വി.ഉന്മേഷ്, പഞ്ചായത്ത് മെമ്പർമാരായ സുഭാഷിണി, അജിത, യൂണിറ്റ് ലീഡർ ബിന്ദു എന്നിവർ സംസാരിച്ചു.