കൊടുമൺ: അങ്ങാടിക്കൽ എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിനി ശ്രീലക്ഷ്മിയാണ് തന്റെ മുടി മുറിച്ചു കാൻസർ രോഗികൾക്ക് നൽകാൻ മനസ് കാണിച്ചത്. സ്കൂളിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റ് അംഗം കൂടിയാണ് ശ്രീലക്ഷ്മി. അങ്ങാടിക്കൽ തെക്ക് പൈനുംമൂട്ടിൽ സലിംകുമാറിന്റെയും ഷീജയുടെയും ഏക മകളാണ്.
'' എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ എന്തെങ്കിലും സഹായം കാൻസർ രോഗികൾക്ക് ചെയ്യണമെന്ന് തോന്നി. ഇക്കാര്യം പത്തിലെ ക്ളാസ് ടീച്ചറായിരുന്ന ദിവ്യ ടീച്ചറെ അറിയിച്ചു. വീടിനടുത്ത് ഇങ്ങനെയൊരാൾ മുടി മുറിച്ചു നൽകിയിട്ടുണ്ട്. ടീച്ചർ പിന്തുണ നൽകി. അമ്മയ്ക്ക് ആദ്യം വിഷമമുണ്ടായി. അച്ഛൻ പ്രോത്സാഹിപ്പിച്ചു. മുടി മുറിച്ചു തന്നു.''- ശ്രീലക്ഷ്മി പറഞ്ഞു. സലിംകുമാർ കോൺട്രാക്ടറാണ്. ഷീജ വീട്ടമ്മയും.
മുറിച്ച മുടി കെട്ടി പാക്കറ്റിലാക്കി സൂക്ഷിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ കഴിയുമ്പോൾ കോഴിക്കോട് ഫറൂക്കിലെ ഹെയർ ബാങ്ക് എന്ന ഏജൻസിക്ക് അയച്ചുകൊടുക്കും. അവരാണ് രോഗികൾക്ക് നൽകുന്നത്. 12 ഇഞ്ചിന് മുകളിൽ നീളമുള്ള മുടിയാണ് വേണ്ടിയിരുന്നത്.
മുടി മുറിച്ച് കാൻസർ രോഗികൾക്ക് കൊടുക്കണമെന്ന് ഒരു വർഷമായി മകൾ പറയുന്ന ആഗ്രഹമായിരുന്നുവെന്ന് സലിംകുമാർ പറഞ്ഞു.
അങ്ങാടിക്കൽ സ്കൂളിൽ പത്താം ക്ളാസിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയാണ് ശ്രീലക്ഷ്മി വിജയിച്ചത്. സ്കൂളിന്റെ പ്രതിഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ചിത്രകാരി കൂടിയാണ് ശ്രീലക്ഷ്മി. നൃത്ത, പ്രസംഗ വേദികളിലും സജീവമാണ്.