അടൂർ : അടൂർ ജനറൽ ആശുപത്രിയിൽ കൊവിഡ് രോഗികൾക്കായുള്ള പ്രത്യേക ചികിത്സാ വിഭാഗത്തിന്റെ പ്രവർത്തനം തുടങ്ങാൻ വൈകുന്നു. ഒാക്സിജൻ, വെന്റിലേറ്റർ സൗകര്യങ്ങളോടുകൂടിയ ചികിത്സാ വിഭാഗം നഗരസഭ മുൻകൈയെടുത്താണ് തയ്യാറാക്കിയത്. പക്ഷേ ഇവിടേക്ക് ആവശ്യമായ ഡോക്ടർമാർ, നഴ്സുമാർ മറ്റ് പാരാമെഡിക്കൽ ജീവനക്കാർ എന്നിവരെ നിയമിക്കാത്തതാണ് തടസ്സം.
ഇതുമൂലം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ട അവസ്ഥയാണ്.
. പേവാർഡാണ് കൊവിഡ് ചികിത്സാ വിഭാഗത്തിനായി മാറ്റിയിരിക്കുന്നത്. വേണ്ടിവന്നാൽ കെ. എച്ച്. ആർ. ഡബ്ള്യു എസിന്റെ പേവാർഡുകൂടി സജ്ജമാക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.
ജീവനക്കാരെ നിയമിക്കണമെന്നുകാട്ടി ഡി. എം. ഒ യ്ക്ക് നഗരസഭ കത്തുനൽകിയിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ പ്രതിസന്ധിയുണ്ട്. അടൂരിൽ നിന്നുള്ള രോഗികളും ഇവിടെ എത്തുന്നുണ്ട്.അടൂർ ജനറൽ ആശുപത്രിയിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാൽ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകും. മറ്റ് ചികിത്സാ വിഭാഗങ്ങൾ ബഹുനിലമന്ദിരത്തിൽ പ്രവർത്തിക്കുന്നുണ്ട്. പേവാർഡിൽ കൊവിഡ് ചികിത്സ ആരംഭിച്ചാലും പ്രധാന ബ്ളോക്കിൽ ചികിത്സയ്ക്ക് എത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകില്ല
കൊവിഡ് ചികിത്സാ വിഭാഗത്തിലെ സൗകര്യങ്ങൾ
ആകെ കിടക്കകൾ 32
ഒാക്സിജൻ കിടക്കകൾ -16
വെന്റിലേറ്റർ ഐ. സി. യു സംവിധാനത്തോടെയുള്ള കിടക്കകൾ 8
സെൻട്രലൈസ്ഡ് ഒാക്സിജൻ സംവിധാനത്തിനുള്ള നിർമ്മാണം നടക്കുന്നു
----------------
പുറത്തുനിന്ന് നിയമനം നടത്തണം
ഇപ്പോൾ ഇവിടെയുള്ള ജീവനക്കാരെ കൊവിഡ് ചികിത്സാ വിഭാഗത്തിലേക്ക് മാറ്റാൻ കഴിയില്ല. താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുക മാത്രമാണ് പരിഹാരം.
---------------------
കൊവിഡ് ചികിത്സാ വാർഡ് തുറക്കുന്നതിനാവശ്യമായ ജീവനക്കാരെ നിയമിക്കണമെന്ന് ഡി. എം. ഒ യോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉടൻ നിയമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവർത്തനം തുടങ്ങിയാൽ അടൂർ മേഖലയിലുള്ള കൊവിഡ് രോഗികൾക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കാൻ കഴിയും.
ഡി. സജി
ചെയർമാൻ, അടൂർ നഗരസഭ