ആറന്മുള: കൊവിഡ് പ്രതിസന്ധി കാരണം വരുമാനം നിലച്ചതോടെ നിത്യച്ചെലവിന് പോലും പണമില്ലാതെ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ ബുദ്ധിമുട്ടിലായി. ലോക്ക് ഡൗണിനെ തുടർന്ന് ക്ഷേത്രങ്ങളിൽ ഭക്തർക്ക് നിയന്ത്രണം വന്നതോടെയാണ് വരുമാനം നിലച്ചത്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാരിനോടും ദേവസ്വം മന്ത്രിയോടും സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് ബോർഡ്. ഈ മാസത്തെ ശമ്പളം മുഴുവൻ കൊടുത്തുതീർക്കാനും ബോർഡിന് കഴിഞ്ഞിട്ടില്ല. മലബാർ, കൊച്ചിൻ ദേവസ്വം ബോർഡുകളും പ്രതിസന്ധി നേരിടുകയാണ്.

ഗുരുവായൂർ ദേവസ്വം ബോർഡാണ് ധനശേഷിയിൽ അല്പമെങ്കിലും പിടിച്ചുനിൽക്കുന്നത്. എന്നാൽ സർക്കാർ അനുവദിക്കുന്ന ഗ്രാന്റുവഴി മലബാർ ദേവസ്വം ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഒരു മാസത്തെ ശമ്പളം , പെൻഷൻ എന്നിവയുടെ വിതരണത്തിന് ഒരു മാസം 40 കോടി രൂപയാണ് വേണ്ടത്. പുജാദ്രവ്യങ്ങൾക്കും മറ്റും 5 കോടി രൂപ ഒരു മാസം ചെലവിടണം. ആദ്യത്തെ ലോക് ഡൗണിൽ ഇത്രയും ബുദ്ധിമുട്ട് ക്ഷേത്രങ്ങൾക്ക് നേരിടേണ്ടി വന്നില്ല.

പൂജയ്ക്ക് ആവശ്യമായ പൂക്കൾ ക്ഷേത്രാങ്കണങ്ങളിൽ നിന്ന് ശേഖരിക്കുന്നത് മതിയായിരുന്നു. പൂക്കൾക്ക് മാത്രം വേണ്ടി വന്ന ചെലവ് ഇത്തരത്തിൽ ഒഴിവാക്കാൻ കഴിഞ്ഞു. ഇത്തവണ പൂക്കൾക്കും ക്ഷാമമുണ്ട്.

വിവാഹ ചടങ്ങുകൾ, സദ്യ, ഓഡിറ്റോറിയം എന്നീ നിലകളിലുള്ള വരുമാനവും നിലച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രധാന വരുമാനം ശബരിമലയിൽ നിന്നായിരുന്നു. വരുമാനം ഇല്ലാതായതോടെ കരുതൽ ശേഖരമായി നീക്കിവച്ച തുകയും ചെലവായി.

രണ്ടു വർഷം മുമ്പ് 261 കോടി രൂപ വരുമാനം ലഭിച്ച ശബരിമലയിൽ നിന്ന് കഴിഞ്ഞ സീസണിൽ കിട്ടിയത് 21 കോടി രൂപ മാത്രമാണ്. കൊവിഡ് വ്യാപന ഭീതി കണക്കിലെടുത്ത് മാസ പൂജകൾക്കും അനുമതി ഉണ്ടായിരുന്നില്ല. ശബരിമലയിലെ അന്നദാനത്തിൽ നിന്നും മറ്റുമായി കുറഞ്ഞത് 5 കോടി രൂപയെങ്കിലും സംഭാവന ലഭിച്ചുകൊണ്ടിരുന്നതും നിലച്ചു.

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കനിഞ്ഞെങ്കിൽ മാത്രമെ ദേവസ്വം ബോർഡുകളുടെ പ്രവർത്തനം ഇനി പൂർവസ്ഥിതിയിലാകു.

@ കൂടുതൽ പ്രതിസന്ധിയിലായത് തിരുവിതാംകൂർ ദേവസ്വം ബോർഡ്

@ ശബരിമലയിൽ നിന്ന് കഴിഞ്ഞ സീസണിൽ കിട്ടിയത് 21 കോടി മാത്രം

@ സർക്കാരിനോടും ദേവസ്വം മന്ത്രിയോടും സഹായം അഭ്യർത്ഥിച്ച് ബോ‌ർഡ്

------------------

" കൊവിഡ് പ്രതിസന്ധി കാരണം രൂപപ്പെട്ട വരുമാന ഇടിവിൽ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളെ സംരക്ഷിക്കാൻ ദേവസ്വം ബോർഡും സർക്കാരും അടിയന്തരമായി ഇടപെടണം '

എൻ.എസ്. രാജേന്ദ്രബാബു, പ്രസിഡൻ്റ്, ക്ഷേത്രോപദേശക സമിതി, പാർത്ഥസാരഥി ക്ഷേത്രം, ആറന്മു