fish
നിരണം അരീത്തോട്ടിൽ മത്സ്യം ചത്തുപൊങ്ങിയ നിലയിൽ

തിരുവല്ല: മാലിന്യങ്ങൾ നിറഞ്ഞ അരീത്തോട്ടിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു.അരീത്തോട്ടിൽ പായലും പോളയും നിറഞ്ഞു കിടക്കുന്നതിനാൽ വെള്ളം കറുത്ത് കുറുകിയ നിലയിലാണ്. കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ ഉയർന്ന ജലനിരപ്പ് താഴ്ന്നതോടെയാണ് വെള്ളത്തിന്റെ നിറം മാറിയത്. പലയിടത്ത് നിന്നും ഒഴുകിയെത്തിയ മാലിന്യങ്ങളും വെള്ളത്തിൽ കെട്ടിക്കിടക്കുകയാണ്. ഇതോടൊപ്പം പാടശേഖരങ്ങളിൽ നെൽകൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനികളും വെള്ളത്തിലൂടെ തോട്ടിലേക്ക് ഒഴുകിയെത്തിയതാകാം മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമായതായി നാട്ടുകാർ സംശയിക്കുന്നു.

അപ്പർകുട്ടനാട്, കുട്ടനാട് പ്രദേശങ്ങളുടെ ജീവനാഡിയായ അരീത്തോട്ടിൽ ഏറെക്കാലമായി ശുചീകരണം നടക്കുന്നില്ല. വർഷങ്ങൾക്ക് മുൻപ് ബോട്ടുകളും വള്ളങ്ങളും പോയിരുന്ന തോടിന് നല്ല വീതിയുണ്ടായിരുന്നു. എന്നാലിപ്പോൾ തോടിന്റെ പലഭാഗങ്ങളും ശോഷിച്ചു. വ്യാപകമായി തോട് കൈയേറിയതിനൊപ്പം പലയിടത്തും മരങ്ങൾ കടപുഴകി തോട്ടിലേക്ക് വീണുകിടക്കുകയാണ്. ആറ്റുതീരങ്ങളിലെ മുളങ്കാടുകൾ ഒഴുക്കിനെ തടസപ്പെടുത്തുന്നവിധം നദിയിലേക്ക് മറിഞ്ഞുകിടക്കുന്നു. കോലറയാർ, കോട്ടച്ചാൽ എന്നിവയും അരിത്തോട്ടിലേക്ക് ഒഴുകിയെത്തുന്നു.

മണിമലയാറിന്റെ കൈവഴിയായി നിരണം തോട്ടടി, വട്ടടി കടവ് എന്നിവിടങ്ങളിലൂടെ ഒഴുകി പാണ്ടനാട്ടിൽ വരെയെത്തുന്ന തോടിന്റെ പലഭാഗത്തും കൈയേറ്റം വ്യാപകമാണ്. ചക്കുളം മുതൽ വട്ടടി കടവ് വരെയുള്ള സ്ഥലങ്ങളിലാണ് കൈയേറ്റം രൂക്ഷം. സംരക്ഷണ ഭിത്തി ഇല്ലാത്ത സ്ഥലങ്ങളിലാണ് കൈയേറ്റം കൂടുതലായും നടന്നിരിക്കുന്നത്. ആഴവും വീതിയും വീണ്ടെടുത്ത് തോട് ശുചീകരിച്ചാലേ പ്രശ്നത്തിന് പരിഹാരമാകു.