പത്തനംതിട്ട: അദ്ധ്യാപക പ്രഥമാദ്ധ്യാപക നിയമനമില്ലാതെ സ്‌കൂളുകൾ തുറക്കുന്നത് വിദ്യാഭ്യാസ മേഖലയിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ലാ കമ്മിറ്റി. വിദ്യാർത്ഥികളുടെ പ്രവേശന നടപടി, കിറ്റ് പാഠപുസ്തക വിതരണം, എന്നിവ ഏകോപ്പിക്കേണ്ട 75ൽപ്പരം സർക്കാർ എൽ.പി സ്‌കൂളുകളിൽ പ്രഥമദ്ധ്യാപകരില്ല. നിയമന ഉത്തരവ് ലഭിച്ചിട്ടും സർക്കാർ നിർദ്ദേശം വഴി ജോലിയിൽ പ്രവേശിക്കാനാവാതെ നിൽക്കുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം 200ൽ അധികം വരും. എയിഡഡ് മേഖലയിൽ നിയമനമില്ലാത്തതും നിയമന അംഗീകാരം നല്കാത്തതും അദ്ധ്യയനം തടസപ്പെടുത്തും. ജൂൺ ഒന്നിന് ഓൺലൈൻ ക്ലാസ് ആരംഭിക്കുന്നതിന് മുന്നോടിയായി പാഠപുസ്തക വിതരണം പൂർത്തീകരിക്കണം. എന്നാൽ നാളിതു വരെ പകുതി പാഠപുസ്തകങ്ങൾ പോലും ക്ലസ്റ്റർ സൊസൈറ്റികളിൽ എത്തിയിട്ടില്ല, ജില്ലാപ്രസിഡണ്ട് എസ്.പ്രേമിന്റെ അദ്ധ്യക്ഷതയിൽ യോഗം സംസ്ഥാന ട്രഷറർ എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.ജി കിഷോർ, സംസ്ഥാന സമിതി അംഗങ്ങളായ ഫിലിപ്പ് ജോർജ്, എം.എസ് നിഷ, വർഗീസ് ജോസഫ്, ബിജോയി കോശി, സതീശൻ നായർ, വി.ടി ജയശ്രീ, ദിലീപ് കുമാർ,സിമ്മി മറിയം ജോസ് എന്നിവർ സംസാരിച്ചു.