റാന്നി: കപ്പ കർഷകർ അനുഭവിക്കുന്ന ദുരിതം പരിഹരിക്കാൻ എല്ലാ കർഷകരിൽ നിന്നും ഹോർട്ടികോർപ്പ് വഴി കപ്പ ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ കൃഷിവകുപ്പ് മന്ത്രി പി.പ്രസാദിനോട് അഭ്യർത്ഥിച്ചു. ഇപ്പോൾ കൃഷിവകുപ്പ് ഹോർട്ടികോർപ് വഴി കപ്പ ഏറ്റെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ പ്രത്യേക പോർട്ടലിൽ രജിസ്റ്റർ ചെയ്ത കർഷകരിൽനിന്ന് മാത്രമേ ഇപ്പോൾ ഇത്തരത്തിൽ കപ്പ ഏറ്റെടുക്കുന്നുള്ളൂ. ഒരു പഞ്ചായത്തിൽ ഒന്നോ രണ്ടോ കർഷകർ മാത്രമാണ് ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മിക്ക കർഷകരും കൃഷിഭവനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് താനും. 5000 കിലോവരെ കപ്പ വിളഞ്ഞ് പാകമായി നിൽക്കുന്ന നിരവധി കർഷകരാണ് ഇപ്പോൾ ഉള്ളത്. വൈകിയാൽ ഇതെല്ലാം നശിച്ചുപോകാൻ ഇടയുണ്ട്. ഈ സാഹചര്യത്തിൽ കൃഷിഭവനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകരെ കൂടി ഉൾപ്പെടുത്തി ഇവരിൽനിന്നും കപ്പ ഏറ്റെടുത്ത് ഇവരെ സഹായിക്കാൻ വേണ്ട നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും എം.എ.എ അഭ്യർത്ഥിച്ചു.