തിരുവല്ല: കൊവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കോളർഷിപ്പ് തുക നൽകി കാവുംഭാഗം ഗവ.എൽ.പി സ്കൂൾ വിദ്യാർത്ഥി ഗൗതംകൃഷ്ണ മാതൃകയായി. ലോവർ സെക്കൻഡറി സ്കോളർഷിപ്പായി ലഭിച്ച 1000 രൂപയാണ് ദുരിതം അനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി കൈമാറിയത്. സി.പി.എം തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി.ആന്റണി തുക ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ അന്നമ്മ മത്തായി, പി.ടി.എ പ്രസിഡന്റ് മനോജ് കുമാർ, പൂർവവിദ്യാർത്ഥി സി.മത്തായി, ഹെഡ്മിസ്ട്രസ് ഗീതാമണി ടി.വി എന്നിവർ പങ്കെടുത്തു. മറ്റൊരു വിദ്യാർത്ഥിയായ ദേവനാരായണൻ വിഷുക്കൈനീട്ടമായി ലഭിച്ച തുകയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.