റാന്നി : നിലയ്ക്കാതെ പെയ്ത മഴ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് സമ്മാനിച്ചത് കനത്ത ദുരിതം. കിഴക്കൻ മേഖലയിലെ കോസ് വേകളിൽ വെള്ളം കയറിയതോടെ അരയാഞ്ഞിലിമൺ, കുരുമ്പൻമൂഴി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പമ്പാനദി കരകവിഞ്ഞ് റാന്നി ഉപാസനകടവിൽ വെള്ളംകയറി. എസ്.സി പടിയിലും ചെത്തോംങ്കരയിലും വെള്ളം കയറി സംസ്ഥാന പാതയിൽ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. വെള്ളപ്പൊക്ക സാദ്ധ്യത നിലനിൽക്കുന്നതിനാൽ വ്യാപാരികളും ജാഗ്രതയിലാണ്. ടൗണിലെ ഓടകളുടെ നിർമ്മാണം പൂർത്തിയായതിനാൽ വെള്ളക്കെട്ടുകൾ ഒഴിവായിട്ടുണ്ട്. മുക്കം, കുരുമ്പൻമൂഴി, അരയാഞ്ഞിലിമൺ, എയ്ഞ്ചൽവാലി, കണമല കോസ് വേകൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. മൂന്നുവശം വനത്താലും ഒരുവശം പമ്പാനദിയാലും ചുറ്റപ്പെട്ട അരയാഞ്ഞിലിമൺ, കുരുമ്പൻമൂഴി പ്രദേശങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്. അരയാഞ്ഞിലിമണ്ണുകാർക്ക് രക്ഷയായിരുന്ന തൂക്കുപാലം തകർന്നത് കൂടുതൽ ദുരിതമായി. 2018ലെ പ്രളയത്തിലാണ് തൂക്കുപാലം തകർന്നത്.
മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയെത്തുടർന്ന് ഡാമിന്റെ സംഭരണ ശേഷിയോളം വെള്ളം ഉയർന്നു.
തുടർന്ന് മുൻകരുതൽ എന്ന നിലയിൽ മൂന്ന് ഷട്ടറുകളും മണിയാർ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. കക്കാട്ടറിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അടിയന്തര ഘട്ടങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്കായി ദുരന്തനിവാരണ സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.