കൊടുമൺ : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവിഷ്‌കരിച്ച ഗുരുകാരുണ്യം പദ്ധതി അനുസരിച്ച് അങ്ങാടിക്കൽ 171ാം നമ്പർ ശാഖാ യോഗം കൊവിഡ് ഹെൽപ്പ് ഡെസ്‌ക് രൂപീകരിച്ചു. കൊവിഡ് മൂലം വീട്ടിലുള്ളവർക്ക് പുറത്തുപോകാൻ കഴിയാത്ത സാഹചര്യത്തിൽ ആവശ്യമായവരുടെ വീടുകളിൽ മരുന്നുകളും ഭക്ഷ്യ സാധനങ്ങളും എത്തിച്ചുകൊടുക്കും.
യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്ന് രാവിലെ 11.30ന് പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. അടൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ അഡ്വ. മണ്ണടി മോഹനൻ ഭക്ഷ്യകിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്യും. എല്ലാ വീടുകളിലും ഒരാഴ്ചത്തേക്കുള്ള ഭക്ഷ്യ കിറ്റുകൾ നൽകും.
ശാഖാ ഗുരുമന്ദിരത്തിൽ കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ് കുമാർ, യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ഷിബു കിഴക്കേടം യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അനിൽ നെടുമ്പള്ളി, സെക്രട്ടറി സുജിത്ത് മണ്ണടി, വാർഡ് മെമ്പർ ജിതേഷ് കുമാർ എന്നിവർ പങ്കെടുക്കും. കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരൻ മുഖ്യാതിഥി ആയിരിക്കും.
കുടുംബ യൂണിറ്റുകളുടെ സഹായത്തോടെ ആവശ്യക്കാരെ കണ്ടെത്തും. വനിതാസംഘം, യൂത്ത് മൂവ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ശാഖാ പ്രസിഡന്റ് രാഹുൽ അങ്ങാടിക്കൽ, ശാഖാ യോഗം സ്‌കൂൾ മാനേജർ രാജൻ ഡി. ബോസ്, വൈസ് പ്രസിഡന്റ് കെ.പി മദനൻ, സെക്രട്ടറി ബിനു പുത്തൻവിളയിൽ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ആദിത്യൻ പ്രസന്നകുമാർ, വനിതാ സംഘം പ്രസിഡന്റ് രാജമ്മ എന്നിവർ അറിയിച്ചു.