മലയാലപ്പുഴ : മലയാലപ്പുഴ പഞ്ചായത്തിൽ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഔദ്യോഗിക വാഹനങ്ങളിൽ ഡി.വൈ.എഫ്.ഐ സ്റ്റിക്കറുകൾ പതിച്ചതിലും കൊവിഡ് പ്രതിരോധ വോളണ്ടിയർമാരായി ഇടതുപക്ഷ അനുഭാവികളെ മാത്രം തിരഞ്ഞെടുത്തതിലും പ്രതിഷേധിച്ച് ബി.ജെ.പിയുടെ അംഗങ്ങളും നേതാക്കളും പഞ്ചായത്ത് ഓഫീസിന് മുന്നിൽ യോഗം നടത്തി. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പാർട്ടി വണ്ടികളിൽ പെട്രോൾ നിറക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു. സർക്കാർ ഫണ്ട് ഡി.വൈ.എഫ്.ഐയുടെ വക എന്ന രീതിയിൽ വീടുകളിൽ എത്തിക്കുകയാണ്. വാർഡ് അംഗങ്ങളെ അറിയിക്കാതെ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ഉപയോഗിച്ച് ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ അനുവദിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും മെമ്പർമാർ കത്ത് നൽകി. പ്രതിഷേധ യോഗത്തിൽ ബി.ജെ.പി കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ജി മനോജ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുരളീധരക്കുറുപ്പ് , ജനറൽ സെക്രട്ടറി ടി.അനിൽ, യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.പ്രവീൺ, പഞ്ചായത്ത് അംഗങ്ങളായ വി.വി സന്തോഷ് കുമാർ, സുമ രാജശേഖരൻ, ടി.ആർ രഞ്ജിത്, ഷീബ രതീഷ്, ബി.ജെ.പി നേതാക്കളായ രാജിത് മുരുപ്പേൽ, പ്രശാന്ത്, ദിലീപ് എന്നിവർ പങ്കെടുത്തു.