pp
p

പത്തനംതിട്ട : മഹാമാരിയുടെ കാലത്ത് ആരോഗ്യരക്ഷാ ഉപകരണങ്ങൾക്ക് അമിതവില ഇൗടാക്കി ജനങ്ങളെ പിഴിയരുതെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പക്ഷേ ആര് കേൾക്കാൻ?. ചോദിക്കുന്ന വില കൊടുത്തുവേണം ഇവ വാങ്ങാൻ.

മാസ്‌കുകൾ ഇപ്പോഴും പഴയ വിലയിലാണ് ജില്ലയിൽ പലയിടത്തും വിൽക്കുന്നത്. പുതിയ സ്റ്റോക്ക് എത്തിയില്ലെന്നാണ് പറയുന്നത്. ഗ്ലൗസിന്റെയും പൾസ് ഓക്‌സിമീറ്ററിന്റെയും സ്ഥിതിയും ഇതുതന്നെ. പത്ത് സർജിക്കൽ മാസ്‌കിന് 96 രൂപയാണ് ഇപ്പോഴും പലയിടത്തും ഈടാക്കുന്നത്. അത്യാവശ്യമായതിനാൽ ആളുകൾ വാങ്ങുകയും ചെയ്യും.

വ്യാജ ഓക്‌സിമീറ്ററും വിപണിയിലുണ്ട്. 1500 രൂപയാണ് പൾസ് ഓക്‌സിമീറ്ററിന്റെ വില. അടൂരിൽ 5000 രൂപയ്ക്ക് പൾസ് ഓക്‌സി മീറ്റർ വിൽക്കുന്നത് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സർക്കാർ വില നിർണയിച്ചതോടെ ഗുണനിലവാരം കുറഞ്ഞ ഓക്‌സീമീറ്ററുകൾ വിപണിയിലെത്തുന്നുണ്ട്. വീടുകളിൽ കഴിയുന്ന കൊ വിഡ് രോഗികൾ ഓക്‌സിജന്റെ അളവും ഹ്യദയമിടിപ്പിന്റെ തോതും കൃത്യമായി അളക്കുകയും ഡോക്ടറെ അറിയിക്കുകയും വേണം. തെറ്റായ അളവ് കാണിച്ചാൽ രോഗിയുടെ ആരോഗ്യനില വഷളായേക്കും. ഇതിന് ഗുണമേൻമയുള്ള പൾസ് ഒാക്സി മീറ്റർ വേണം.

പുതിയ നിരക്ക് പ്രഖ്യാപിച്ചെങ്കിലും ഇതിന് വിരുദ്ധമായി വിൽപന നടത്തിയാൽ നിയമ ലംഘനത്തിന് നടപടിയെടുക്കാൻ ലീഗൽ മെട്രോളജി വിഭാഗത്തിന് അനുമതി ലഭിച്ചിട്ടില്ല. ആരോഗ്യ രക്ഷാ ഉപകരണങ്ങളായതിനാൽ ഡ്രഗ്‌സ് കൺട്രോളർക്ക് നടപടി സ്വീകരിക്കാമെങ്കിലും ഇതുവരെ ആർക്കുമെതിരെ കേസെടുത്തിട്ടില്ല.

സർക്കാർ നിശ്ചയിച്ച വില


പി.പി.ഇ കിറ്റ് - 273, എൻ 95 മാസ്‌ക് - 22, ട്രിപ്പിൾ ലയർ മാസ്‌ക് - 3.90, ഫേസ് ഷീൽഡ്- 21, ഏപ്രൺ (ഡിസ്‌പോസിബിൾ) -12, സർജിക്കൽ ഗൗൺ - 65, എക്‌സാമിനേഷൻ ഗ്ലൗസ് -5.75, ഹാൻഡ് സാനിറ്റൈസർ (500 എംഎൽ)- 192, ഹാൻഡ് സാനിറ്റൈസർ (200 എം.എൽ) - 98, ഹാൻഡ് സാനിറ്റൈസർ (100 എംഎൽ) - - 55, സ്റ്റിറയൽ ഗ്ലൗസ് (ജോഡി)- 15, എൻ.ആർ.ബി മാസ്‌ക് -80, ഓക്‌സിജൻ മാസ്‌ക് - 54, ഫ്‌ളോമീറ്റർ (ഹ്യുമിഡിഫൈർ സഹിതം)- 1520, ഫിംഗർ ടിപ്‌സ് പൾസ്ഓക്‌സി മീറ്റർ -1500.