ഇലന്തൂർ: കൊവിഡ് പ്രതിസന്ധിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമായി ഇലന്തൂർ നാട്ടൊരുമ ആരംഭിച്ച കരുതൽ പദ്ധതി പത്താം ദിവസത്തിലേക്ക് കടന്നു. പഞ്ചായത്തിലെ അഞ്ചു വാർഡുകളിൽ കൊവിഡ് ബാധിതരും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ 35 ഓളം ആളുകൾക്ക് കഴിഞ്ഞ 17മുതൽ ദിവസവും ഉച്ച ഭക്ഷണം വീടുകളിൽ എത്തിച്ചുനൽകുന്നു. രോഗികളുടെ എണ്ണം കൂടിവരുന്ന പന്ത്രണ്ടാം വാർഡിലെ 18വീടുകളിൽ പ്രഭാതഭക്ഷണം നൽകുന്ന പ്രവർത്തനം ഇന്നലെ ആരംഭിച്ചു. . ബ്രെഡ്, മുട്ട, പാൽ തുടങ്ങിയവ ഉൾപ്പെടുന്ന കിറ്റ് ആശാ വർക്കർ സുജാതയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. നാട്ടൊരുമ പ്രസിഡന്റ് സാം ചെമ്പകത്തിൽ കിറ്റുകൾ പഞ്ചായത്ത് മെമ്പർ ഇന്ദിര, ആശാ വർക്കർ സുജാത എന്നിവർക്ക് കൈമാറി. നാട്ടൊരുമ ട്രഷററും കോ. ഓർഡിനേറ്ററുമായ സജി വർഗീസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സി. എസ്. ഫിലിപ്പ്, ജോബ് ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.