പുല്ലാട്: കോയിപ്രം പഞ്ചായത്തിലെ സമൂഹ അടുക്കളയിൽ നിന്ന് കൊവിഡ് രോഗികൾക്കും ക്വാറന്റെയ്നിൽ കഴിയുന്ന നിർദ്ധനർക്കും ലഭിക്കുന്ന ഭക്ഷണം ഗുണനിലവാരം കുറഞ്ഞതാണെന്ന് പരാതി. കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലിരിക്കുന്നവർക്കും ആവശ്യക്കാർക്കും ഭക്ഷണപ്പൊതി പഞ്ചായത്ത് അംഗങ്ങളും ജാഗ്രത സമിതി പ്രവർത്തകരും വീടുകളിൽ എത്തിക്കുകയാണ് പതിവ്. നിലവാരം കുറഞ്ഞതായതിനാൽ ഭക്ഷണം പലരും വാങ്ങുന്നില്ല. ഇതിനെ തുടർന്ന് ചെല അംഗങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ കൊവിഡ് രോഗികളുടെ വീടുകളിൽ ഇപ്പോൾ ഭക്ഷണം എത്തിച്ചു തുടങ്ങി. മുട്ടുമണ്ണിലുള്ള ജനകീയ ഹോട്ടലിൽ നിന്ന് 20 രൂപയ്ക്ക് പ്രതിദിനം 300 പൊതി വരെ പുറത്ത് നൽകുന്നുണ്ട്. പരാതി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്ന് ജനകീയ ഹോട്ടൽ നടത്തിപ്പുകാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് അംഗം പി.ഉണ്ണികൃഷ്ണൻ അറിയിച്ചു.