a
കനത്ത മഴയിൽ വെള്ളം കയറിയ പ്രദേശങ്ങൾ മന്ത്രി സജി ചെറിയാൻ സന്ദർശിക്കുന്നു

ചെങ്ങന്നൂർ: തോരാതെ പെയ്യുന്ന മഴയും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതും ചെങ്ങന്നൂരിൽ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കി. വീടുകളിൽ വെള്ളം കയറിയതിനാൽ ചെങ്ങന്നൂർ വില്ലേജിലെ എട്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പമ്പാ നദിയിലേയും അച്ചൻകോവിലാറിലേയും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. രണ്ട് സ്ഥലങ്ങളിൽ റോഡ് ഇടിഞ്ഞുതാണു. വ്യാപകമായ കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മംഗലം പാലത്തിന് താഴെയുള്ള എട്ട് കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചത്. ഇതിൽ നാല് കുടുംബങ്ങളിൽ നിന്നുള്ള 13 പേരെ കീഴ്‌ചേരിമേൽ ജെ.ബി.എസിലേക്കും മറ്റ് നാല് കുടുംബങ്ങളെ ബന്ധുവീടുകളിലേക്കുമാണ് മാറ്റിയിരിക്കുന്നത്. ചെന്നിത്തല വാഴക്കൂട്ടം കടവ് പാലത്തിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു. നിർമ്മാണത്തിലിരുന്ന ഉളുന്തി പുങ്കോയിക്കൽ - പടിമാമ്മൂട് റോടിന്റെ ഒരു ഭാഗവും ഇടിഞ്ഞുതാന്നു. ടാർ റോഡിന്റെ അടിഭാഗത്തെ മണ്ണ് കനത്ത മഴയിൽ ഒലിച്ചുപോയിട്ടുണ്ട്. റോഡ് അപകടാവസ്ഥയിൽ ആയതിനാൽ പൊതുമരാമത്ത് വകുപ്പ് റോഡ് അടച്ചു. ചെങ്ങന്നൂർ നഗരസഭയിലെ 11ാം വാർഡിൽ എക്‌സൈസ് ഓഫീസിന് താഴെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ചെങ്ങന്നൂർ മൃഗാശുപത്രിക്ക് സമീപം കീഴ്‌ചേരിമേൽ വൈദ്യമഠത്തിൽ ഡോ.പി.ശ്രീകുമാറിന്റെ വീടിന് പിന്നിലെ മൺതിട്ട ഇടിഞ്ഞുവീണു.


സജി ചെറിയാൻ സ്ഥലം സന്ദർശിച്ചു

കനത്ത മഴയിൽ വെള്ളം കയറിയ പ്രദേശങ്ങൾ മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. പമ്പയാറിന്റെ തീരത്തെ പുത്തൻകാവ്, കോലാമുക്കം, മംഗലം, മാന്നാർ വള്ളക്കാലി, കുരട്ടിശേരി പ്രദേശങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. പത്തനംതിട്ട ജില്ലയിൽ പെയ്ത ശക്തമായ മഴയുടെ ഫലമായാണ് പമ്പയാറിൽ ജലനിരപ്പ് ഉയരാൻ കാരണം. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും പക്ഷേ ജാഗ്രത ഉണ്ടായിരിക്കണമെന്നും മന്ത്രി പറഞ്ഞു.

മഴക്കാല ദുരിതാശ്വാസ മുന്നൊരുക്കങ്ങൾ വിലയിരുത്തും

കഴിഞ്ഞ ആഴ്ച ചെങ്ങന്നൂർ ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ കൊവിഡ് പ്രതിരോധ സംവിധാനങ്ങളെ സംബന്ധിച്ച് ആലോചിക്കാനും, മഴക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾ ശക്തിപ്പെടുത്താനുമായി യോഗം ചേർന്നിരുന്നു. എല്ലാ പഞ്ചായത്തിലും 100 കിടക്കകളിൽ കുറയാതെ കൊവിഡ് ഗ്യഹവാസ കേന്ദ്രങ്ങൾ തുടങ്ങാനും മഴക്കാല ദുരിതാശ്വാസ മുന്നൊരുക്കങ്ങൾ ശക്തിപ്പെടുത്താനും തീരുമാനിച്ചിരുന്നു. ഈ തീരുമാനങ്ങൾ നടപ്പിലാക്കിയത് സംബന്ധിച്ച് പരിശോധിക്കാനും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാനുമായി ഇന്ന് രാവിലെ 10ന് റിവ്യൂ മീറ്റിംഗ് ചേരാനും തീരുമാനിച്ചിട്ടുണ്ട്.

-8 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

--------

ഏത് പ്രതികൂല സാഹചര്യത്തെയും നേരിടാൻ സർക്കാർ സംവിധാനങ്ങളെല്ലാം സുസജ്ജമായി രംഗത്തുണ്ട്.

മന്ത്രി സജി ചെറിയാൻ