ചെങ്ങന്നൂർ: ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ പരാതിക്കാരുടെ എണ്ണം പത്തായി. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണ് പരാതിക്കാർ. തട്ടിപ്പിനിരയായവരുടെ പരാതികൾ ഇനിയും എത്തുമെന്നാണ് പൊലീസ് കരുതുന്നത്. കഴിഞ്ഞ ദിവസം പൊലീസ് അഞ്ച് പരാതിക്കാരുടെ മൊഴി എടുത്തിരുന്നു. ബി.ജെ.പി മുളക്കുഴ പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റും മുളക്കുഴ പഞ്ചായത്ത് മുൻ അംഗവുമായ കാരയ്ക്കാട് മലയിൽ സനു.എൻ.നായർ, ബുധനൂർ തഴുവേലിൽ രാജേഷ് കുമാർ, എറണാകുളം വൈറ്റില മുണ്ടെലി നടയ്ക്കാവിൽ ലെനിൻ മാത്യു എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ഒരു കോടി തട്ടിയെടുത്തെന്നാണ് പരാതി. ചെങ്ങന്നൂർ കാരയ്ക്കാട് സ്വദേശി അജിനു സദാശിവനാണ് ഒടുവിൽ പരാതി നൽകിയിരിക്കുന്നത്. വിദേശത്ത് ജോലിചെയ്തിരുന്ന ഇയാളിൽ നിന്ന് 18 ലക്ഷം രൂപയാണ് തട്ടിയെടുത്തിരിക്കുന്നത്.