തിരുവല്ല: കനത്തമഴയെ തുടർന്ന് തിരുവല്ല താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കം ജനങ്ങളെ ദുരിതത്തിലാക്കി. മൂന്ന് പഞ്ചായത്തുകളിലായി അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 23 കുടുംബങ്ങളിലെ 88 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. തോട്ടപ്പുഴശേരി വില്ലേജിലാണ് മൂന്ന് ക്യാമ്പുകൾ ആരംഭിച്ചത്. ചെട്ടിമുക്ക് എ.എം.എം സ്‌കൂളിൽ ഏഴ് കുടുംബങ്ങളിലെ 19 പേരെ മാറ്റി പാർപ്പിച്ചു. മാരാമൺ സെന്റ് ജോസഫ് ഓഡിറ്റോറിയം, ചെറുപുഷ്‌പം എൽ.പി.സ്‌കൂൾ എന്നിവിടങ്ങളിലാണ് മറ്റ് ക്യമ്പുകൾ. നെടുമ്പ്രം പഞ്ചായത്തിലെ കല്ലുങ്കൽ എം.ടി.എൽ.പി സ്‌കൂളിലെ അസൗകര്യങ്ങളെ തുടർന്ന് കാവുംഭാഗം ദേവസ്വം ബോർഡ് സ്‌കൂളിലേക്ക് ക്യാമ്പ് മാറ്റി. ഇവിടെ 11കുടുംബങ്ങളിലെ 46 പേർ താമസിക്കുന്നുണ്ട്. കടപ്ര വടക്കുംഭാഗം സെൻട്രൽ എൽ.പി.സ്‌കൂളിലെ ക്യാമ്പിൽ ഒരു കുടുംബത്തിലെ എട്ട് പേരുണ്ട്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും മലവെള്ളത്തിന്റെ കുത്തൊഴുക്ക് തുടരുകയാണ്. ജലനിരപ്പ് ഉയരുന്നതിനാൽ പടിഞ്ഞാറൻ മേഖലകളിൽ കൂടുതൽ ക്യാമ്പുകൾ തുടങ്ങാനുള്ള സാദ്ധ്യതയേറി. കൊവിഡിന്റെ വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ലക്ഷണങ്ങൾ ഉള്ളവരെ അതാത് സ്ഥലങ്ങളിലെ കൊവിഡ് പ്രഥമ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുവാനാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് ഭക്ഷണം എത്തിക്കുക. താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന്റെ ദുരിതങ്ങൾ തുടരുകയാണ്. കാലവർഷം ഉടനെ തുടങ്ങുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും ജനങ്ങളെ ഭീതിയിലാക്കി. പമ്പ,മണിമല നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ കൂടുതൽ സ്ഥലങ്ങളിൽ വെള്ളപ്പൊക്കം ദുരിതം വിതയ്ക്കും. മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമായെങ്കിലും പടിഞ്ഞാറൻ മേഖലകളിലെ മിക്ക റോഡുകളിലും വെള്ളം കെട്ടിക്കിടക്കുന്നത് യാത്രാദുരിതത്തിനും കാരണമായിട്ടുണ്ട്.