മല്ലപ്പള്ളി: സ്കൂൾ അഡ്മിഷൻ ഓൺലൈൻ ആയതോടുകൂടി സ്വകാര്യ വിദ്യാഭ്യാസ മേഖല വിദ്യാർത്ഥികളെ പിടിക്കാൻ കുതന്ത്രങ്ങളുമായി രംഗത്ത്. സ്കൂൾതല പ്രവർത്തനങ്ങൾ കമ്പ്യൂട്ടറിന്റെ സഹായത്തോടെ സുതാര്യവും ലളിതവുമാക്കാൻ പ്രധാന അദ്ധ്യാപകരെ സഹായിക്കുന്നതിന് ലക്ഷ്യമിട്ട് സർക്കാർ ആവിഷ്‌ക്കരിച്ച സമ്പൂർണ സോഫ്റ്റ് വെയറിലൂടെയാണ് സ്വകാര്യമേഖല അട്ടിമറിക്കാൻ ശ്രമിക്കുന്നത്. വിദ്യാർത്ഥികളുടെ ട്രാൻസ്‌ഫെർ സർട്ടിഫിക്കറ്റിന്റെ സമയമായതിനാൽ താഴെക്ലാസിൽ പഠിച്ച് പുറത്തുവരുന്ന കുട്ടികൾക്കുവേണ്ടി സ്വകാര്യ സ്‌കൂളുകൾ കമ്പ്യൂട്ടർ മുഖേന അപേക്ഷ നൽകും. വിടുതൽ സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭിക്കുന്നതോടൊപ്പം ഏത് സ്‌കൂളിലേക്കാണെന്ന് രക്ഷിതാക്കൾ അറിയുന്നത് ടി.സി.കൈയ്യിൽ കിട്ടുമ്പോഴാണ്. അത് തിരുത്താൻ രക്ഷിതാക്കൾ മുതിരുമ്പോൾ വൻഓഫറുകൾ നൽകി കുട്ടികളെ വലയിലാക്കുന്നതായി വ്യാപക ആക്ഷേപമുണ്ട്. രണ്ട് ഭാഗങ്ങളുള്ള സമ്പൂർണ സോഫ്റ്റ് വെയറിൽ ഓൺലൈനും, സർക്കാർ-എയ്ഡഡ് മേഖലയിലെ സ്‌കൂൾ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്ത ഉപയോഗിക്കുന്നവയും. ഓൺലൈനിൽ കൃത്യമായി വിവരങ്ങൾ നൽകിയാൽ മാത്രമേ സ്‌കൂളുകളിൽ അത് രേഖപ്പെടുത്താൻ സാധിക്കുകയുള്ളു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ലക്ഷകണക്കിന് വിദ്യാർത്ഥികൾ പൊതുവിദ്യാലയങ്ങളിൽ കഴിഞ്ഞ വർഷം പ്രവേശനം നേടിയെങ്കിൽ ഇത്തവണ ഇത്തരം പ്രവർത്തികളിലൂടെ കുട്ടികളുടെ എണ്ണം കുറയുമെന്ന് ഒരുവിഭാഗം അദ്ധ്യാപകർ പറയുന്നത്. തകർച്ചയിലായ സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ ഇത്തരം നിരവധി ഗൂഢതന്ത്രങ്ങളാണ് പ്രയോഗിക്കുന്നതെന്ന് സൂചനയുണ്ട്. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ സർക്കാർ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെ ഇത്തരം വിദ്യാഭ്യാസ കച്ചവടക്കാരെ നിലയ്ക്ക് നിറുത്താൻ സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.