ചെങ്ങന്നൂർ: കൊവിഡ് ദുരിതബാധിതർക്ക് സഹായവുമായി സർവോദയ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി. ചെങ്ങന്നൂർ, മുളക്കുഴ, വെൺമണി, ആലാ, ചെറിയനാട് പഞ്ചായത്തുകളിൽ ഭക്ഷ്യധാന്യ, പലവ്യഞ്ജന, പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യുന്നതിനൊപ്പം കൊവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ, ലാബ് ടെസ്റ്റ് എന്നിവയ്ക്കുള്ള സഹായങ്ങളും നൽകുന്നുണ്ട്. കൊവിഡ് രോഗികളുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെയും വീടുകൾ അണുനശീകരണം ചെയ്യുകയും ആവശ്യമുള്ളവർക്ക് മരുന്നുകളും ആഹാരം അവശ്യവസ്തുക്കളും എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു.

കൊവിഡ് ബാധിതരായി കഴിയുന്ന ചെറിയനാട് കടവറ ഓരുതറ വീട്ടിൽ സന്തോഷിന്റെ വീട്ടിലെ പശുക്കൾക്ക് കാലിത്തീറ്റ എത്തിച്ച് നൽകി. കൊവിഡ് രോഗികളുടെ താമസസ്ഥലത്ത് മരുന്നുകളും ഭക്ഷണസാധനങ്ങളും എത്തിച്ചു നൽകുന്നതിനൊപ്പം ആശുപത്രി ആവശ്യങ്ങൾക്ക് വാഹനം ക്രമീകരിച്ച് കൊടുക്കും. കൊവിഡ് ആരംഭകാലത്ത് സാമൂഹ്യ അടുക്കള മുഖേന ദിവസേന 250 ഭക്ഷണപ്പൊതികൾ ദുരിതബാധിതർക്ക് എത്തിച്ചു കൊടുത്തിരുന്നു.

രക്ഷാധികാരി അഡ്വ.സി.എൻ.അമ്മാഞ്ചി, പ്രസിഡന്റ് അഡ്വ.ജോർജ് തോമസ്, സെക്രട്ടറി ശശി എസ്.പിള്ള, ഖജാൻജി സജികുമാർ കെ.കെ, കോർഡിനേറ്റർ നിധിൻ കോശി, കൺവീനർ ജോസഫ് തുരളയിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. സഹായങ്ങൾ ആവശ്യമുള്ളവർ 8281511682, 9567438714, 7907057628 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.