അടൂർ : വീടുവിട്ടിറങ്ങിയ യുവാവിനെ തേടി രണ്ടരമാസമായി ഒരുകുടുംബവും പൊലീസും അലയുന്നു. പാറക്കൂട്ടം മുണ്ടപ്പള്ളി ശരത് ഭവനിൽ ശരൺബാബുവിനെയാണ് മാർച്ച് 13 മുതൽ കാണാതായത്. രാവിലെ തിരുവല്ലയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയതാണ്. മടങ്ങി വരാതിരുന്നതിനെ തുടർന്ന് മാതാവ് സതി അടൂർ പൊലീസിൽ പരാതി നൽകിയെങ്കിലും തിരുവല്ല പൊലീസിൽ പരാതി നൽകാൻ പറഞ്ഞ് മടക്കി. തുടർന്ന് തിരുവല്ല സ്റ്റേഷനിൽ പരാതി നൽകി. അന്നുമുതൽ പൊലീസ് ഇയാൾക്കുവേണ്ടി പലഭാഗങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ നോക്കിയ പൊലീസ് തമിഴ്നാട്ടിലെ തൃച്ചിയിൽ ഉണ്ടെന്ന് കണ്ടെത്തി. ബന്ധുക്കളുമായി തൃച്ചിയിൽ എത്തി രണ്ട് ദിവസം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഏതാനും ദിവസം കഴിഞ്ഞപ്പോൾ മൊബൈൽ ചെന്നൈ കോയമ്പേട്ടിലെ ഹോട്ടലിൽ ജോലിയെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ കൈവശമുണ്ടെന്ന് കണ്ടെത്തി. ഭക്ഷണം കഴിക്കാൻ വകയില്ലാതെ വന്ന മലയാളിയായ യുവാവ് 1000 രൂപയ്ക്ക് മൊബൈൽ തനിക്ക് വിറ്റതാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ബന്ധുക്കൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിനെ തുടർന്ന് ഒരുമാസം പിന്നിട്ടപ്പോൾ ഏലപ്പാറ മൂന്നാംമൈൽ സ്വദേശിയായ വീട്ടമ്മ അവിടെവച്ച് ഇയാളെ കണ്ടതായി ബന്ധുക്കളെ അറിയിച്ചു. പൊലീസും ബന്ധുക്കളും രണ്ടു ദിവസത്തോളം അവിടെയും വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രി, സംസ്ഥാന ഡി. ജി. പി എന്നിവർക്കും പരാതി നൽകി. സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവയെല്ലാമായാണ് ഇയാൾ വീടുവിട്ടിറങ്ങിയത്. മരംമുറിക്കൽ തൊഴിലാളിയായ പിതാവും തൊഴിലുറപ്പ് തൊഴിലാളിയായ മാതാവും മകനെ കണ്ടെത്താൻ മുട്ടത്തവാതിലുകളില്ല.