1
ജനകീയ യജ്ഞത്തിലൂടെ നിർമ്മിച്ച കനാൽ

മണക്കാല : നാടിന് തെളിനീരൊഴുക്കാൻ ദേശമൊന്നാകെ ഒഴുകിയെത്തി മനുഷ്യാദ്ധ്വാനം കൊണ്ട് പുതു ചരിത്രം തീർത്ത മണക്കാല ജനകീയ യജ്ഞത്തിന് 45 വയസ് . കേരള ചരിത്രത്തിൽ സമാനതകളില്ലാത്ത ഇൗ അദ്ധ്വാനത്തിന്റെ മഹത്വത്തിന് സ്മാരകം വേണമെന്ന ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല. പുതിയ സർക്കാരിലാണ് നാട്ടുകാരുടെ പ്രതീക്ഷ. മണക്കാല ജംഗ്ഷനിൽ അടൂർ ഗോപാലകൃഷ്ണൻ റോഡിൽ രണ്ടര കിലോമീറ്റർ തെക്കു മാറിയാണ് കല്ലട ജലസേചന പദ്ധതിയുടെ കനാൽ. 1966 ൽ തുടങ്ങിയ കല്ലട ജലസേചനപദ്ധതി ഫണ്ടില്ലാതെ മുടങ്ങിക്കിടക്കുകയായിരുന്നു. നാലാം പഞ്ചവത്സര പദ്ധതിയിലും കനാൽ നിർമ്മാണത്തിന് ഫണ്ടില്ലാതെ വന്നതോടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി . സി.അച്യുതമേനോൻ മുഖ്യമന്ത്രിയും കെ.ജി. അടിയോടി ജലസേചനവകുപ്പ് മന്ത്രിയുമായിരുന്നു. അന്ന് അടൂർ ഉൾപെടുന്ന പ്രദേശവും കൊല്ലം ജില്ലയിലാണ്. കൊല്ലം ഡി.സി.സി യോഗത്തിൽ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള ശ്രമദാനത്തിലൂടെ കനാൽ നിർമ്മിക്കാമെന്നൊരു ആശയം മുന്നോട്ടുവച്ചു. ഇത് പിന്നീട് സർക്കാർ തീരുമാനമായി മാറി. അങ്ങനെ 1976 ഡിസംബർ 27 ന് ശ്രമദാനത്തിലൂടെ കനാൽ നിർമ്മാണം ആരംഭിച്ചു. കോൺഗ്രസും , ആർ എസ് പി യും , സി.പി.ഐ യും ഓരോ ഭാഗം വീതം ഏറ്റെടുത്ത് തങ്ങളുടെ പ്രവർത്തകരെ എത്തിച്ചു. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും മണക്കാലയിലേക്ക് ശ്രമദാനത്തിനായി ജനങ്ങൾ എത്തി. ദിവസം രണ്ടായിരത്തിലധികം ആളുകൾ മണക്കാലയിലെത്തി. ദൂരദേശങ്ങളിൽ നിന്ന് വന്നവർക്കായി സ്കൂളുകളും , താൽകാലിക ഷെഡുകളും കെട്ടി താമസ സൗകര്യമൊരുക്കി. ജനങ്ങളുടെ സഹകരണം ആവേശമായപ്പോൾ ജലസേചന വകുപ്പ് മന്ത്രിക്ക് മണക്കാലയിൽ പ്രത്യേക ഓഫീസ് തുറന്നു . ക്യാമ്പ് ചെയ്യുന്നവർക്കായി വൈകുന്നേരങ്ങളിൽ തെയ്യം ഉൾപ്പെടെയുള്ള കലാ പരിപാടികളുടെ അവതരണവും ഉണ്ടായിരുന്നു. മണക്കാലയ്ക്ക് ഉത്സവം തീർത്ത ദിനങ്ങൾ അവസാനിച്ചപ്പോൾ മൂന്നര കിലോമീറ്റർ ദൂരം കനാൽ വെട്ടിത്തീർന്നു. 1.7 5 ലക്ഷം മനുഷ്യരുടെ അദ്ധ്വാനം നടന്നതായാണ് കണക്ക്. ഏകദേശം 15000 ഘനമീറ്റർ മണ്ണ് നീക്കം ചെയ്തു. ആദ്യ ഒരു കിലോമീറ്റർ കോൺഗ്രസും, രണ്ടാംഭാഗം ആർ.എസ്.പി.യും , മൂന്നാം ഭാഗം സി.പി.ഐ യും ആയിരുന്നു ഏറ്റെടുത്തത്. യജ്ഞം പൂർത്തിയായപ്പോൾ ദേശീയ മാദ്ധ്യമങ്ങളിൽ വരെ വലിയ വാർത്താപ്രാധാന്യം നേടി. ആളുകൾ ഒത്തുകൂടിയ സ്ഥലം ജനശക്തി നഗറായി ഇന്നും നിലകൊള്ളുന്നു. ഇവിടെ കെ.ഐ.പി. വക സ്ഥലമുണ്ട്. കെ.ഐ.പി. തന്നെ സ്മാരകം നിർമ്മിക്കാൻ സർക്കാരിന് പദ്ധതിയും സമർപ്പിച്ചിരുന്നു.