പന്തളം: തനിച്ച് താമസിക്കുന്ന വൃദ്ധ അച്ചൻകോവിലാറ് കരകവിഞ്ഞ് വീട്ടിൽ വെള്ളം കയറിയതോടെ ദുരിതത്തിലായി. പന്തളം നഗരസഭ തോന്നല്ലൂർ 6ാം ഡിവിഷനിലെ കോടിയാട്ടു കിഴക്കേതിൽ ശാരദ (75) യാണ് അടുക്കള വരെയെത്തിയ വെള്ളത്തിലായത്.
നദിയിൽ നിന്ന് അധികം ദൂരമില്ലാത്ത വീട്ടിലേക്ക് ഇന്നലെ രാവിലെ മുതലാണ് വെള്ളം കയറാൻ തുടങ്ങിയത്. മഴ അല്പം ശമിച്ചതിൽ ആശ്വസിച്ചിരിക്കുമ്പോഴാണ് മുറ്റവും കടന്നെത്തിയ വെള്ളം അടുക്കള വരെ എത്തിയത്. ഇതോടെ ഭക്ഷണം പാകം ചെയ്യാനും കഴിയാത്ത അവസ്ഥയായി. വെള്ളത്തിലൂടെ വരുന്ന പാമ്പുകളും ഭീഷണിയായി
ഏക ആശ്രയമായിരുന്ന മകൻ 7 വർഷം മുമ്പ് മരിച്ചു. മകന്റെ ഭാര്യ കുട്ടികളെയും കൂട്ടി ശാരദയെ വിട്ടുപോയതോടെ ശാരദ ഒറ്റയ്ക്കാണ് കഴിയുന്നത്. പന്തളം വലിയ പാലത്തിനു സമീപം മാടക്കട നടത്തുന്നതിൽ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനം മാത്രമായിരുന്നു ആശ്രയം. വാർഡ് കൗൺസിലർ പി.കെ. പുഷ്പലത, ബിജെപി പന്തളം നഗരസഭാ സമിതി ജന. സെക്രട്ടറി ഉണ്ണികുളത്തിനാലിൽ എന്നിവരുടെനേതൃത്വത്തിൽ ആർആർടി അംഗങ്ങളായ ഗായത്രിമോഹൻ, കൊച്ചു പുരയിൽ വിനോദ്, ജയക്കുട്ടൻ,മോഹനൻ ജി, സുനിൽകുമാർ എന്നിവരുടെ സഹായമാണ് ശാരദയ്ക്കു തുണയായത്. ഭക്ഷണം എത്തിച്ചു നല്കാനും കൗൺസിലർ ഏർപ്പാടു ചെയ്തു.