കൊടുമൺ : അങ്ങാടിക്കൽ എസ്.എൻ.വി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്‌കീമിന്റെ കൊവിഡ് ബോധവത്കരണ പദ്ധതിയായ തുടരണം ജാഗ്രതയുടെ ഭാഗമായി സഞ്ജീവനി വെബിനാർ സീരീസിന് തുടക്കമായി. ഹയർ സെക്കൻഡറി വിഭാഗത്തിന്റെയും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെയും നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി . പദ്ധതിയുടെയും പ്രോഗ്രാം മൊഡ്യൂൾ ബ്രോഷറിന്റെയും ഉദ്ഘാടനം നിയുക്ത ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ഓൺലൈൻ ഉദ്ഘാടനയോഗത്തിൽ സ്‌കൂൾ മാനേജർ രാജൻ ഡി. ബോസ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് അടൂർ ക്ലസ്റ്റർ കൺവീനർ ആർ. മണികണ്ഠൻ പദ്ധതിവിശദീകരണം നടത്തി. ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ വി.എസ്. ഹരികുമാർ, വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ കൃഷ്ണകുമാർ, കോന്നി ക്ലസ്റ്റർ കൺവീനർ കെ. ഹരികുമാർ, പി.എ.സി മെമ്പർ റോയി വർഗീസ്, പി.ടി.എ പ്രസിഡന്റ് കെ.കെ. അശോക് കുമാർ, പ്രിൻസിപ്പൽമാരായ എം.എൻ. പ്രകാശ്, രമാദേവി. എസ്, ഹെഡ്മിസ്ട്രസ് ദയാരാജ്, സ്റ്റാഫ് സെക്രട്ടറി ബെൻസി ജോൺ, വോളണ്ടിയർ ദേവിക അജിത്, വോളണ്ടിയർ ലീഡർമാരായ സൂരജ് സുരേന്ദ്രപ്പണിക്കർ, കുമാരി പാർവതി എന്നിവർ സംസാരിച്ചു.