പന്തളം: വെള്ളപ്പൊക്കത്തിൽ പന്തളം കരിമ്പുവിത്തുൽപാദന കേന്ദ്രത്തിന് 25 ലക്ഷം രൂപയുടെ നഷ്ടം. കൂടുതൽ ദിവസം വെള്ളം കെട്ടിക്കിടന്നാൽ നഷ്ടം ഇനിയും ഏറുമെന്ന് ഫാമിലെ കൃഷി ഓഫീസർ എം.എസ്. വിമൽ കുമാർ പറഞ്ഞു.
വ്യാഴാഴ്ച രാത്രിയോടെയാണ് ഫാമിൽ വെള്ളം കയറിയത്. തൈകൾക്കായി പാകിയിരുന്ന 8000 നാടൻ തേങ്ങകൾ മണ്ണിൽ നിന്നിളകി വെള്ളത്തിന് മുകളിലെത്തി. തേങ്ങകൾ നഷ്ടപ്പെട്ടില്ലെങ്കിലും വെള്ളമിറങ്ങുമ്പോൾ വീണ്ടു പാകേണ്ടി വരുമ്പോൾ പണിക്കൂലി അധികച്ചെലവാകും. കേന്ദ്രത്തിന്റെ 15 മീറ്റർ ചുറ്റുമതിലും ഇടിഞ്ഞുവീണു.
കരിമ്പുവിത്തുൽപാദന കേന്ദ്രമായ ഇവിടെ നിന്നാണ് മദ്ധ്യതിരുവിതാംകൂറിലെ കരിമ്പു കർഷകർ നടാനുള്ള തലക്കം കൊണ്ടു പോകുന്നത്. ഇവിടെയുണ്ടാക്കുന്ന പന്തളം ശർക്കരയും മറയൂർ ശർക്കര പോലെ ഏറെ പ്രസിദ്ധമാണ്. 25 ഏക്കർ സ്ഥലമുള്ളതിൽ 13 ഏക്കറിലാണ് ഇതിനായി കരിമ്പു കൃഷി ചെയ്തത്. മുന്തിയ ഇനമായ മാധുരിയാണ് ഏഴു മാസം മുമ്പു നട്ടത്. 10 മാസം കൊണ്ടാണ് കരിമ്പ് വിളയുക. ഇതിൽ പതിനൊന്നര ഏക്കറിലെ കരിമ്പും വെള്ളത്തിലാണ്. രണ്ടു ദിവസം കൂടി വെള്ളം കെട്ടിക്കിടന്നാൽ ഇവ അഴുകി നശിച്ചുപോകും. ഇതോടെ, ഈ വർഷം ഓണക്കാലത്ത് പന്തളം ശർക്കരയുടെ കാര്യവും ആശങ്കയിലാണ്. ശർക്കര നിർമ്മാണത്തിനുള്ള പ്രോസസീംഗ് യൂണിറ്റും വെള്ളത്തിനടിയിലാണ്.
ജൂൺ 5ന് ലോക പരിസ്ഥിതി ദിനാചരണത്തിനു വിതരണം ചെയ്യാനായി 5000 മാവിൻ തൈകളും 1500 പ്ലാവിൻ തൈകളും തയ്യാറാക്കിയിരുന്നു. ഇതും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ഇതു കുറെയേറെ നശിച്ചു പോകാനാണു സാദ്ധ്യത. ജില്ലയിലെ 57 കൃഷിഭവനുകളിലുൾപ്പെടെ വിതരണം ചെയ്യാനായി 22 ലക്ഷം പച്ചക്കറിത്തൈകളാണ് വിതരണം ചെയ്തത്. ഇതിൽ 6.57 ലക്ഷം തൈകളും ഉല്പാദിപ്പിച്ചതും ഇവിടെയാണ്.
23 സ്ഥിരം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ആവശ്യം വരുമ്പോൾ പുറത്തുനിന്ന് ദിവസക്കൂലിക്ക് ആവശ്യത്തിനുള്ള തൊഴിലാളികളുടെ സേവനവും ഉപയോഗപ്പെടുത്തും. 2018 ലെ വെള്ളപ്പൊക്കത്തിൽ ഫാം പൂർണമായും മുങ്ങിയിരുന്നു. അന്ന് 1.10 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 2019, 2020 വർഷങ്ങളിൽ ഏകദേശം 20 ലക്ഷത്തിനടുത്തു വീതവും നഷ്ടമുണ്ടായി. കൊവിഡ് കാലമായിരുന്നിട്ടു കൂടി 20- 2021ൽ ഇവിടെ 1.22 കോടി രൂപയുടെ വരുമാനം ലഭിച്ചിരുന്നു.