തിരുവല്ല: ഓതറയിൽ അന്യസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന മൂന്നംഗ സംഘം പൊലീസിന്റെ പിടിയിലായി. ഓതറ പൂതകുഴി സ്വദേശി വിനീത് (23), ചെങ്ങന്നൂർ വാഴാർമംഗലം സ്വദേശി കിരൺ (കീരി - 21), ഇലവുംതിട്ട കാരിത്തോട്ട സ്വദേശി അമൽ (കുഞ്ഞൻ- 24) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് വാങ്ങിയ പണം കൊടുക്കാത്തതിന് തിരുവല്ല തൈമറവുംകരയിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയെ മുറിയിൽ കയറി മർദ്ദിച്ച ശേഷം പണവും മൊബൈലും തട്ടിയെടുത്തെന്നാണ് കേസ്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിർത്തി കേന്ദ്രീകരിച്ച് കഞ്ചാവു കച്ചവടം നടത്തിയിരുന്ന സംഘമാണിവർ. നിരവധി മോഷണ, കഞ്ചാവ് കേസുകളിലും പ്രതികളാണ്. നിരവധി കഞ്ചാവ് കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇവർ പൊലീസിനെ ആക്രമിച്ച കേസുകളിലും പ്രതികളാണ്. ജില്ലാ പെലീസ് മേധാവിയുടെ നിർദ്ദേശാനുസരണം തിരുവല്ല ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. തിരുവല്ല എസ്.എച്ച്.ഒ ഹരിലാൽ, എസ്‌.ഐ പ്രശാന്ത്, എ എസ്.ഐ മാരായ അജികുമാർ ആർ, അനിൽകുമാർ, സി.പി.ഒ മാരായ അരുൺ ഗോപി, മനോജ്, അഖിലേഷ്, സുജിത്ത്, വിമൽ, വിപിൻ രാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.