തിരുവല്ല: മഴ ശമിച്ചത് ആശ്വാസമായെങ്കിലും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിമാറാത്തത് ജനങ്ങൾക്ക് ദുരിതമായി തുടരുന്നു. കിഴക്കൻ വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് നദികളിൽ തുടരുന്നതിനാൽ താലൂക്കിന്റെ പടിഞ്ഞാറൻ മേഖലകളിൽ ഇന്നലെയും ജലനിരപ്പ് ഉയർന്നു. തിരുവല്ല താലൂക്കിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. ഇതോടെ ക്യാമ്പുകളുടെ എണ്ണം എട്ടായി. 41 പേരെ കൂടി ഇന്നലെ മാറ്റിപ്പാർപ്പിച്ചു. താലൂക്കിലാകെ 37 കുടുംബങ്ങളിലെ 139 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതിൽ 46 പുരുഷന്മാരും 46 സ്ത്രീകളും 47 കുട്ടികളും ഉൾപ്പെടും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നതെന്ന് തഹസിൽദാർ പറഞ്ഞു. അപ്പർകുട്ടനാട്ടിൽ വെള്ളപ്പൊക്കത്തെ തുടർന്ന് റോഡുകൾ പലതും വെള്ളത്തിനടിയിലായതോടെ ഗതാഗതവും നിലച്ചിരിക്കുകയാണ്.