ചെങ്ങന്നൂർ : കൊവിഡ് മഹാമാരിയിൽ ജീവിതം ദുസഹമായവർക്ക് ആശ്വാസമാവുകയാണ് മാർത്തോമ്മ സഭ ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനം. കൊവിഡ് രോഗികൾക്കും സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും ഭക്ഷണവും മരുന്നും സാമ്പത്തിക സഹായങ്ങളും ഒരുക്കി ഭദ്രാസനം കരുതലായി മാറുകയാണ്.

ദളിത് ഇടവകകളിലെ 350 കുടുംബങ്ങൾക്ക് 1500 രൂപയുടെ കിറ്റുകൾ കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്തു. വിറ്റാമിൻ ഗുളികകൾ, മാസ്ക്, സാനിറ്റൈസർ, കൈയുറകൾ തുടങ്ങിയവ ഉൾപ്പെടെ ഹെൽത്ത് പായ്ക്കുകൾ ഭാദ്രാസന പ്രദേശങ്ങളിലുള്ള 12000 പേർക്ക് നൽകി. കൊവിഡിൽ ജീവിതം ദുരിതത്തിലായ മാനസിക വെല്ലുവിളി നേരിടുന്നവർക്ക് 1000 രൂപ വീതം നൽകുന്ന പദ്ധതിയും ആരംഭിച്ചു. അറുപത് വയസിന് മുകളിലുള്ള നിർദ്ധനരായ 95 പേർക്ക് 1000 രൂപ വീതം പെൻഷൻ നൽകുന്ന പ്രവർത്തനങ്ങൾക്കും തുടക്കമായി. തൊഴിൽനഷ്ടമായ ഡ്രൈവർമാർ, തയ്യൽ തൊഴിലാളികൾ എന്നിവർക്ക് ഒരാൾക്ക് 1500 രൂപ വീതം സാമ്പത്തിക സഹായം നൽകുന്നു. ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ രൂപീകൃതമായ കൊവിഡ് ഹെൽപ്‌ ലൈൻ ഒട്ടേറെ ആളുകൾക്ക് ഈ ദിവസങ്ങളിൽ ആശ്വാസമായി മാറി. മരുന്ന്, ഭക്ഷണം എന്നിവ ഹെൽപ് ലൈൻ വോളന്റീയർമാരിലൂടെ എത്തിച്ചുനൽകി. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കാരം നടത്തുന്നതിന് ഈ വോളന്റീയർമാർ നേതൃത്വം നൽകുന്നു. പൊലീസുകാർ, ഓട്ടോറിക്ഷാ തൊഴിലാളികൾ, ആരോഗ്യപ്രവർത്തകർ എന്നിവർക്ക് രാവിലെയും ഉച്ചയ്ക്കും ഭക്ഷണപ്പൊതികൾ നൽകുന്ന പ്രവർത്തനവും ഹെൽപ് ലൈനിലൂടെ നടക്കുന്നു. ഭദ്രാസനത്തിന്റെ സാമൂഹ്യ സേവന കേന്ദ്രങ്ങളായ ആറാട്ടുപുഴ തരംഗം, തുമ്പമൺ ശ്രേയസ്, ഹരിപ്പാട് കാവൽ എന്നിവയിലൂടെ നൂറുകണക്കിനാളുകൾക്ക് നിത്യോപയോഗ സാധനങ്ങളുടെ കിറ്റുകളും മറ്റ് സഹായങ്ങളും ഭവനങ്ങളിൽ എത്തിച്ചുനൽകി.

ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തിമോഥെയോസ് എപ്പിസ്കോപ്പ, ‌ഭദ്രാസന സെക്രട്ടറി റവ. ഡോ. സാംസൺ എം. ജേക്കബ്, ട്രഷറർ ജിജി മാത്യു സ്കറിയ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.