പുല്ലാട്: കോയിപ്രം പഞ്ചായത്തിൽ കത്താത്ത വഴിവിളക്കുകളുടെ പേരിൽ വിവാദം കത്തുന്നു.കഴിഞ്ഞ ഭരണ സമിതിയുടെ അവസാന കാലത്ത് സ്ഥാപിച്ച 80 ശതമാനം വിളക്കുകളും കത്തുന്നില്ലെന്നാണ് പ്രതിപക്ഷ കക്ഷിയായ എൽ.ഡി.എഫിന്റെ ആരോപണം. 25.8.2020 ൽ പഞ്ചായത്തുമായി കെ.ഇ.എൽ എന്ന കമ്പനി ഉണ്ടാക്കിയ ധാരണ പ്രകാരം 25 വാട്സ് എൽ.ഇ.ഡി. വഴിവിളക്കുകളിൽ (ഓട്ടോമാറ്റിക്) ഒന്നിന് 2587 രൂപ നിരക്കിൽ 1160 വിളക്കുകളാണ് വാങ്ങിയത്. 30 ലക്ഷം രൂപയാണ് ഇതിനു വേണ്ടി ചെലവിട്ടത്. ഇതിൽ ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപയും പഞ്ചായത്ത് ധനകാര്യ കമ്മിഷൻ ഫണ്ട് ഇനത്തിൽ 1,43,5025 രൂപയും പഞ്ചായത്ത് തനത് ഫണ്ടായി 64,975 രൂപയും ഉണ്ടായിരുന്നു.

പദ്ധതി പ്രകാരം കഴിഞ്ഞ സെപ്തംബറിൽ സ്ഥാപിച്ച വിളക്കുകൾ രണ്ടു ദിവസം മാത്രമേ പ്രകാശിച്ചുള്ളൂ. പുതിയ ഭരണസമിതി വന്നതിന് ശേഷം പ്രതിപക്ഷം ഈ വിഷയം നിരന്തരമായി കമ്മിറ്റികളിൽ ഉയർത്തിക്കൊണ്ടുവരികയും കത്താത്ത മുഴുവൻ ലൈറ്റുകളും മാറ്റി സ്ഥാപിച്ചതിനുശേഷം കമ്പനിക്ക് കൊടുക്കുവാനുള്ള ബാക്കി തുക കൊടുത്താൽ മതി എന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാൽ വിളക്കുകൾ മാറ്റി സ്ഥാപിക്കാതെ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെ പോലും അറിയിക്കാതെ മാർച്ച് മാസം ബാക്കി തുക കമ്പനിക്ക് നൽകി. ഇത് പിന്നീട് കൂടിയ കമ്മിറ്റിയിൽ ചർച്ച ചെയ്തെങ്കിലും കുറച്ചു തുക പിടിച്ചുവച്ചിട്ടുണ്ട് എന്ന് പ്രസിഡന്റും സെകട്ടറിയും കമ്മറ്റിയെ തെറ്റിദ്ധരിപ്പിച്ചു . എന്നാൽ പ്രതിപക്ഷം നടത്തിയ അന്വേഷണത്തിൽ മുഴുവൻ തുകയും കൊടുത്തു തീർത്തുവെന്ന് വ്യക്തമായതായി എൽ.ഡി.എഫ് പറയുന്നു.

2021-22 വാർഷിക പദ്ധതിയിൽ കേരള സർക്കാരിന്റെ 'നിലാവ് പദ്ധതി' പ്രകാരം 500 ലൈറ്റുകളാണ് പുതിയതായി സ്ഥാപിക്കുന്നത് .എന്നാൽ ഇവ തിരക്കുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിൽ മാത്രമേ സ്ഥാപിക്കാൻ കഴിയു. 25.8 2020 ൽ വാങ്ങിയ 36 മാസം വാറന്റിയുള്ള ലൈറ്റുകൾ ഈ സാഹചര്യത്തിൽ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നാണ് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മറ്റിയുടെ ആവശ്യം. അല്ലാത്തപക്ഷം ലോക് ഡൗണിന് ശേഷം സമരവുമായി മുന്നോട്ട് പോകുമെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ബിജുവർക്കി അറിയിച്ചു.

" ആരോപണം രാഷ്ട്രീയ പ്രേരിതമാണ്‌. നിലവിൽ പകുതി വാർഡുകളിൽ വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ പകുതിയിലധികവും മഴക്കെടുതിയിൽ തകരാറിലായി. ലോക് ഡൗൺ നിയന്ത്രണത്തിനു ശേഷം അറ്റകുറ്റപ്പണി നടത്താനാണ് തീരുമാനം."

സി.ജി. ആശ, പ്രസിഡന്റ്, കോയിപ്രം പഞ്ചായത്ത്

...............