road
മുത്തൂർ ആൽത്തറ - തെറ്റാണിശ്ശേരി റോഡിലെ വെള്ളക്കെട്ട്

തിരുവല്ല നഗരസഭ 39 ാം വാർഡിലെ മുത്തൂർ ആൽത്തറ -തെറ്റാണിശേരി പാലം റോഡിൽ വെള്ളക്കെട്ട് ഒഴിയുന്നില്ല. നഗരപ്രദേശത്തെ ഈ റോഡിന്റെ പലഭാഗങ്ങളും തകർച്ചയിലാണ്. ഏറെനാളായി അറ്റകുറ്റപ്പണികൾ നടക്കാത്തതും റോഡിലെ യാത്രാദുരിതത്തിന് കാരണമായി. രണ്ട് കിലോമീറ്ററിൽ ഏറെ ദൂരമുള്ള റോഡിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇപ്പോഴും റോഡിൽ മുട്ടറ്റം വെള്ളമുണ്ട്. വാഹനങ്ങൾ കടന്നുപോകാത്തതിനാൽ പ്രദേശവാസികൾ യാത്രക്ലേശം അനുഭവിക്കുകയാണ്. ചാലക്കുഴി ക്ഷേത്രം, മിനി സ്റ്റേഡിയം, മൃഗാശുപത്രി, അങ്കണവാടി എന്നിവയെല്ലാം ഈ റോഡരികിലാണ്. വേങ്ങൽ, ആലംതുരുത്തി, പന്നിക്കുഴി,അഴിയിടത്തുചിറ, തോണിക്കടവ്, മേപ്രാൽ എന്നിവിടങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ ഈ റോഡ് ഉപകരിക്കും. ദിവസവും നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡിന്റെ തകർച്ച പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.