അധിക ഡോസ് എത്തിച്ച് പരിഹാരം

കടമ്പനാട് : കടമ്പനാട് പഞ്ചായത്തിൽ പട്ടിക വിഭാഗക്കാരുടെ വാക്സിനേഷൻ നടപടികളിൽ തർക്കം. തുടർന്ന് ആന്റോ ആന്റണി എം.പി ഇടപെട്ട് അധികഡോസ് എത്തിച്ചാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്. കടമ്പനാട് പഞ്ചായത്തിലെ മലങ്കാവ് മൂന്നാം വാർഡിലാണ് സംഭവം. മലങ്കാവിലുള്ള ഹെൽത്ത് സബ് സെന്ററിൽ 150 ൽപരം പട്ടികജാതിക്കാർ ഇന്നലെ രാവിലെയാണ് വാക്സിനേഷന് എത്തിയത് . മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം ആശാ വർക്കറും വാർഡ് മെമ്പർ കെ.ജി.ശിവദാസനും അറിയിച്ചതിനെ തുടർന്നാണ് ഇവർ എത്തിയത്. അതേസമയം നിലയ്ക്കലിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒരു വാർഡിൽ നിന്ന് 10 പേർ വീതം 150 ൽ പരം ആളുകൾ വാർഡ് മെമ്പർമാർ അറിയിച്ചതനുസരിച്ച് വാക്സിനായി എത്തി. പട്ടിക വിഭാഗങ്ങൾക്കായി പഞ്ചായത്തിൽ ആകെ എത്തിയ 400 ഡോസ് വാക്സിനിൽ നിന്ന് രണ്ടാം വാർഡിൽ 150 ആളുകൾക്ക് എടുത്തു. മൂന്നാം വാർഡിൽ 150-ൽ പരം ആളുകളോടും വാക്സിനെടുക്കാൻ എത്താൻ നിർദ്ദേശം നൽകി. ഇത് പഞ്ചായത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചെയ്തതെന്നാണ് ആരോഗ്യ വകുപ്പധികൃതർ പറയുന്നത്. രണ്ടാം വാർഡിൽ 150 ആളുകൾക്ക് വാക്സിനെടുത്ത് കഴിഞ്ഞപ്പോൾ ഇനി ഒരു വാർഡിൽ നിന്ന് 16 പേരെ വീതം വിളിച്ച് വാക്സിനെടുക്കാൻ പഞ്ചായത്ത് പ്രസിഡന്റ് മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.

മൂന്നാം വാർഡിലും 150 ൽ പരം ആളുകൾക്ക് വാക്സിനെടുക്കാൻ നിർദ്ദേശം നൽകിയ കാര്യം പ്രസിഡന്റ് അംഗീകരിച്ചില്ല. ഇന്നലെ രാവിലെ മുതൽ മലങ്കാവ് സബ് സെന്ററിലും നിലയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും എത്തിയവർക്ക് എടുക്കാനുള്ള വാക്സിനില്ലാതെ ആരോഗ്യ വകുപ്പധികൃതർ കുഴങ്ങി. മൂന്നാം വാർഡിൽ ആളു കൂടിയത് തനിക്കറിയില്ലെന്ന നിലപാടിലായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് . പ്രാഥമികാരോഗ്യ കേന്ദ്രത്തിലും , മലങ്കാവിലെ സബ് സെന്ററിലും വാക്സിൻ എടുക്കാൻ കഴിയാതെ ആളുകൾ പ്രതിഷേധിച്ചു. ഒടുവിൽ മൂന്നാം വാർഡിൽ വാക്സിൻ എടുക്കാൻ കഴിയില്ലന്ന് ആരോഗ്യ വകുപ്പധികൃതർ അറിയിച്ചതോടെ വാർഡ് മെമ്പർ കെ.ജി.ശിവദാസൻ ആന്റോ ആന്റണി എം.പി.യുമായി ബന്ധപെടുകയായിരുന്നു. എം.പി. ജില്ലാ കളക്ടറുമായും ഡി.എം.ഒ.യുമായി ബന്ധപ്പെട്ടതോടെ 300 ഡോസ് വാക്സിൻ അധികമായി എത്തിച്ച് ഉച്ചക്ക് 2 മണിയോടെ വാക്സിനെടുപ്പ് ആരംഭിച്ചു.

മൂന്നാം വാർഡ് മെമ്പർ കോൺഗ്രസ് അംഗമായതിനാൽ പഞ്ചായത്ത് പ്രസിഡന്റ് കാട്ടിയ രാഷ്ട്രീയ വൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് ഡി.സി.സി എക്സീക്യൂട്ടീവ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എം .ആർ.ജയപ്രസാദ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി രാഷ്ട്രീയ വിവേചനമാണന്ന് വാർഡ് മെമ്പർ കെ.ജി ശിവദാസൻ പറഞ്ഞു. .

അതേസമയം പട്ടിക വിഭാഗങ്ങൾക്കായി എത്തിയ വാക്സിൻ ഓരോ വാർഡിലും തുല്യമായി വിതരണം നടത്താനായിരുന്നു തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് പറഞ്ഞു. അത് ലംഘിച്ചാണ് രണ്ടാം വാർഡിൽ 140 പേർക്ക് വാക്സിനെടുത്തത്. , ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അടിയന്തര സ്റ്റിയറിംഗ് കമ്മിറ്റി കൂടി ഇനിയുള്ളത് എല്ലാ വാർഡിലും തുല്യമായി വിതരണം ചെയ്യാൻ നിർദ്ദേശം നൽകി. മൂന്നാം വാർഡിൽ ആളു കൂടിയത് തെറ്റായ പ്രചരണത്തിന്റെ ഭാഗമാണെന്നും പ്രസിഡന്റ് പറഞ്ഞു.