30-kv-george
കെ. വി. ജോർജ് സാർ

കലഞ്ഞൂർ: മാതൃകാ അദ്ധ്യാപകനും സാമൂഹ്യ പ്രതിബദ്ധതയോടെ ഇതര മേഖലകളിലും പ്രവർത്തിച്ചിരുന്ന കൊച്ചുവിളയിൽ കെ.വി.ജോർജിന്റെ ഓർമകൾക്ക് കാൽനൂറ്റാണ്ട് .1996 മെയ് 30ന് 62 -ാം വയസ്സിലാണ് അന്തരിച്ചത്. 30 വർഷത്തോളം താൻ പഠിച്ച നാട്ടിലെ സ്വന്തം വിദ്യാലത്തിൽ പഠിപ്പിച്ചതിനാൽ ഗുരുശിഷ്യബന്ധത്തിൽ രണ്ട് തലമുറയുടെ അപൂർവതയ്ക്കും അദ്ദേഹം സാക്ഷിയായി. അതുകൊണ്ട് തന്നെ കലഞ്ഞൂർ ഗവ.ഹൈസ്‌കൂളിൽ നിന്ന് വിരമിക്കാനായി സേവന കാലത്തിന്റെ അവസാനം ലഭിച്ച പ്രഥമാദ്ധ്യാപക സ്ഥാനക്കയറ്റവും ഉപേക്ഷിക്കുകയായിരുന്നു. നാട്ടിൽ നടന്നിട്ടുള്ള സ്‌കൂൾ കലോത്സവങ്ങൾ അടക്കം മേളകളിൽ മുഖ്യ സംഘാടകനുമായി. അദ്ധ്യാപനത്തിൽ വേറിട്ട ശൈലിയുടെ ഉടമ ആയിരുന്ന അദേഹം വിവിധ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളിൽ അദ്ധ്യാപകവിദ്യാർത്ഥികൾക്ക് മാതൃകാ ക്ലാസ്സുകളും എടുത്തിരുന്നു. അയൽവാസിയുടെ വീട് അപ്രതീക്ഷിതമായി തീ പിടിച്ച് നശിച്ചപ്പോൾ അവരെ ഒന്നടങ്കം സ്വന്തം ഭവനത്തിൽ സംരക്ഷിച്ച് നാട്ടുകാരുടെ സഹകരണത്തിൽ ഒരു മാസം കൊണ്ട് പുതിയ സുരക്ഷിത ഭവനമൊരുക്കാൻ നേതൃത്വം നല്കിയതും നാട്ടുകാർ സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവായി കാണുന്നു. മക്കൾ ആറു പേരിൽ ഒരാൾ പുരോഹിതനായതൊഴിച്ചാൽ അഞ്ചാളും സർക്കാർ ജോലിക്കാരായതും നാട്ടുകാരിൽ സന്തോഷം ജനിപ്പിക്കുന്നു. വിരമിച്ചതിനുശേഷം നാട്ടിൽ വിവിധ ദിനപ്പത്രങ്ങളുടെ ഏജന്റായി മാറിയതുവഴി നാടിന്റെ വികസന ആവശ്യങ്ങളടക്കം പൊതുകാര്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും പരിഹാരം കാണുന്നതിനും അദ്ദേഹത്തിന് സാധിച്ചു. കലഞ്ഞൂർ സഹകരണ ബാങ്ക് ഭരണസമിതി അംഗമായും അഞ്ച് വർഷം സേവനം ചെയ്തു.