തിരുവല്ല : ഉയരക്കുറവ് മൂലം വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്ന കുറ്റൂർ കറുത്താലി തോട്ടിലെ ഷട്ടർ ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. കുറ്റൂർ - മനയ്ക്കച്ചിറ റോഡിൽ മണിമലയാറ്റിൽ നിന്ന് മധുരംപുഴയാറിലേക്ക് വെള്ളമെത്തിക്കുന്ന കറുത്താലി തോട്ടിലെ ഷട്ടറാണ് ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചത്. നിർമാണത്തിലെ അശാസ്ത്രീയത മൂലം ഷട്ടർ കവിഞ്ഞൊഴുകി അമ്പതിലേറെ വീടുകളടക്കം വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്തംഗം പ്രസന്നകുമാർ കുറ്റൂർ നൽകിയ പരാതിയെ തുടർന്നാണ് ഉദ്യോഗസ്ഥ സംഘം പരിശോധനകൾ നടത്തിയത്. ചെറുകിട ജലസേചന വകുപ്പ് അസി.എക്സിക്യുട്ടിവ് എൻജിനിയർ അനിതാ കുമാരി, അസി. എൻജിനിയർ ഷൈലാ മാത്യു, മെക്കാനിക്കൽ വിഭാഗം അസി. എൻജിനിയർ കെ.എസ് വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്. ഷട്ടറിന്റെ ഉയരം അടിയന്തരമായി 90 സെന്റീമീറ്റർ വർദ്ധിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.