31-teak-puzhu
പുഴു ബാധിച്ച തേക്കുതോട്ടം

തണ്ണിത്തോട്: റാന്നി, കോന്നി വനം ഡിവിഷനുകളിലെ തേക്കു പ്ലാന്റേഷനുകളിൽ ഇലതീനിപ്പുഴുക്കളുടെ ആക്രമണമേറി. എല്ലാ വർഷവും മെയ്, ജൂൺ മാസങ്ങളിലാണ് ഇലതീനിപ്പുഴുക്കൾ തേക്കുകളെ ബാധിക്കുന്നത്. തേക്കിന്റെ തളിരിലകൾ തിന്നു നശിപ്പിക്കുന്നതിലൂടെ വർഷത്തിൽ ഒരു ഹെക്ടറിൽ 75,000 രൂപയുടെ നഷ്ടമുണ്ടാകുന്നതായാണ് വനംവകുപ്പിന്റെ കണക്ക്. ഇവ ബാധിച്ചാൽ തേക്കിന്റെ വളർച്ച 44 ശതമാനം മുരിടിക്കുമെന്നാണ് വനംവകുപ്പ് ഗവേഷണ വിഭാഗത്തിന്റെ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

കൂടുകെട്ടി ഇലകൾ പൂർണ്ണമായി തിന്നു തീർക്കുകയും പിന്നാലെ വലയിലൂടെ താഴേക്ക് ഊർന്നിറങ്ങി പരിസരമാകെ പടരുകയും ചെയ്യുന്ന പുഴുക്കളാണിത്. കോന്നി - തണ്ണിത്തോട് റോഡിലും അരുവാപ്പുലം - കൊക്കാത്തോട് റോഡിലും കോന്നി - കല്ലേലി അച്ചൻകോവിൽ റോഡിലും ഇരുചക്രവാഹന യാത്രക്കാർക്ക് ഇവയുടെ ശല്യമുണ്ട്. പുഴുക്കൾ ശരീരത്തിൽ സ്പർശിച്ചാൽ ചൊറിയുകയും തടിക്കുകയും ചെയ്യും. ചിലരിൽ ഈ പുഴുക്കൾ അലർജിയുണ്ടാക്കും.

വലയുണ്ടാക്കി സഞ്ചാരം

ഇലകൾ തളിരിടുന്നതോടെയാണ് പുഴുശല്യം തുടങ്ങുന്നത്. ചിലന്തിവല പോലെ വലയുണ്ടാക്കിയാണ് ഇവയുടെ സഞ്ചാരം. മുട്ടയിട്ടു വളരുന്ന പുഴുക്കൾ ആദ്യത്തെ പതിനഞ്ച് ദിവസം കൊണ്ട് ഇലകളിലെ ഹരിതകം തിന്നുതീർക്കും. ലോക പ്രസിദ്ധമായ നിലമ്പൂർ തേക്കുകൾക്കും ഇവയുടെ ഭീഷിണിയുണ്ട്.

രക്ഷയ്ക്ക് ജൈവ കീടം

വനംവകുപ്പ് ഗവേഷണ കേന്ദ്രം പുഴുക്കളെ നശിപ്പിക്കുന്ന ജൈവ കീടത്തെ വികസിപ്പിച്ചിരുന്നു. വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജനായ ഡോ.സജീവനാണ് ജൈവ കീടത്തെ വികസിപ്പിച്ചെടുത്തത്. പരീക്ഷണത്തിൽ ഇത് വിജയമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പുഴു ശല്യം പടരുമ്പോൾ വനംവകുപ്പ് ഇത് ഉപയോഗിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.