തിരുവല്ല: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് അടിക്കടിയുണ്ടായ വെള്ളപ്പൊക്കത്തിൽ അപ്പർകുട്ടനാടൻ മേഖലയിൽ വൻ കൃഷിനാശം. വാഴകൃഷിക്കാണ് വ്യപക നാശനഷ്ടം സംഭവിച്ചത്. അപ്പർകുട്ടനാടൻ മേഖലയിൽ ഉൾപ്പെട്ട പെരിങ്ങര,കടപ്ര,നിരണം,കുറ്റൂർ,നെടുമ്പ്രം പഞ്ചായത്തുകളിൽ 50 ഹെക്ടറിലെ ഒന്നേകാൽ ലക്ഷത്തോളം വാഴകൃഷി നശിച്ചതായാണ് കൃഷിവകുപ്പ് നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ വ്യക്തമാകുന്നത്. കടപ്ര, തിരുവല്ല മേഖലയിൽ 40 ഹെക്ടറോളം നെൽകൃഷിക്കും നാശംസംഭവിച്ചിട്ടുണ്ട്. പടവലം,വെള്ളരി,വഴുതന,പാവൽ,കപ്പ,ചേന,ചീര തുടങ്ങിയ പച്ചക്കറികൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമുണ്ടായ വെള്ളപ്പൊക്കത്തിലും അപ്പർകുട്ടനാടൻ മേഖലയിൽ വ്യാപക കൃഷിനാശം സംഭവിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ കൃഷിനാശത്തിന്റെ നഷ്ടപരിഹാരം പോലും ഇതുവരെയും ലഭ്യമായിട്ടില്ലെന്നും കർഷകർക്ക് പരാതിയുണ്ട്.

ഓണവിപണി വെള്ളത്തിലായി


ഓണവിപണി ലക്ഷ്യമിട്ടു കൃഷിചെയ്ത ഏത്തൻ,റോബസ്റ്റ,പൂവൻ, ഞാലിപ്പൂവൻ,ചെങ്കദളി,പാളയംകോടൻ ഇനങ്ങളിൽപ്പെട്ട വാഴകളാണ് വ്യാപകമായി നശിച്ചത്. പാതി വിളവെത്തിയ വാഴകളാണ് ഭൂരിഭാഗവും . പല വാഴത്തോട്ടങ്ങളിലും വെള്ളം കെട്ടിനിൽക്കുകയാണ്. ഇതുമൂലം വാഴകളുടെ മൂട് അഴുകിത്തുടങ്ങിയിട്ടുണ്ട്. ഇലകൾ മഞ്ഞ നിറത്തിലായി. കടപ്ര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കർഷകനുമായ ഷിബു വർഗീസിന്റെ നാലായിരത്തോളം വാഴയാണ് വെള്ളപ്പൊക്കം മൂലം നശിച്ചത്. പരുമല പനയന്നാർ കാവിന് സമീപം പാട്ടത്തിനെടുത്ത പത്തേക്കറോളം സ്ഥലത്തെ കൃഷിയാണ് പാടേ നശിച്ചത്. ചാത്തങ്കരി ചെത്തിമറ്റത്ത് ജോമോന്റെ രണ്ടായിരത്തോളം മൂട് ഏത്തവാഴകളും നശിച്ചു. കല്ലുപുരയ്ക്കൽ കുരുവിള,ചെത്തിമറ്റത്തിൽ ചാക്കോ വർഗീസ്, ചാമപ്പറമ്പിൽ സോജൻ, കല്ലുപുരയ്ക്കൽ കുരുവിള ഏബ്രഹാം, ചെത്തിമറ്റത്ത് ഏബ്രഹാം തോമസ്, വെൺപാല പാലമൂട്ടിൽ മനോജ് എന്നിവരുടെ ഏത്തവാഴകൾ വെള്ളംകയറി നശിച്ചു. വെൺപാല തയ്യിൽ പുത്തൻപുരയിൽ സുജേഷിന്റെ ആയിരത്തോളം വാഴകൾ കാറ്റിൽ ഒടിഞ്ഞ് വീണും നഷ്ടമുണ്ടായി. തെങ്ങേലി പരിയൻപേരിൽ പി.വി തോമസ്,പുതുവൽ വീട്ടിൽ കേശവൻ,പുതുവൽ വീട്ടിൽ രാമകൃഷ്ണൻ,വല്യാറ വീട്ടിൽ രാധാമണി,ആറ്റുമാലിൽ ചെറിയാൻ തുടങ്ങിയവരുടെ വാഴ അടക്കമുള്ള കാർഷിക വിളകൾക്കും നാശം സംഭവിച്ചു. ബാങ്ക് വായ്പയടക്കം എടുത്ത് കൃഷി ചെയ്തവരാണ് കർഷകരിൽ ബഹുഭൂരിപക്ഷവും.

ഒരുകോടിയോളം നഷ്ടം


അപ്പർകുട്ടനാടൻ മേഖലയിൽ ഒരു കോടിയിലധികം രൂപയുടെ കൃഷി നാശം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തലെന്നും പ്രദേശങ്ങളിൽ നിന്ന് വെള്ളം ഒഴിഞ്ഞ ശേഷം മാത്രമേ കൃത്യമായ നാശനഷ്ടം സംബന്ധിച്ച കണക്കെടുപ്പ് നടത്താൻ സാധിക്കുവെന്നും കൃഷി അസി. ഡയറക്ടർ വി.ജെ റജി പറഞ്ഞു.