ചെങ്ങന്നൂർ: കൊല്ലം-തേനി ദേശീയപാതയിൽ പെണ്ണുക്കര യു.പി സ്കൂളിന് സമീപം ടോറസ് ലോറികൾ കൂട്ടിയിടിച്ച് രണ്ട് ലോറികളുടെയും ഡ്രൈവർമാർക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്രൈവർമാരായ മുഹമ്മദ് റാഫി, പ്രമോദ് എന്നിവർക്കാണ് പരിക്കേറ്റത്. കോടുകുളഞ്ഞി ഭാഗത്തേക്ക് ലോഡുമായി പോയ ലോറിയിലേക്ക് എതിർദിശയിൽ വന്ന ലോറി ടയർ പൊട്ടി നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.

നാട്ടുകാരാണ് പ്രമോദിനെ ലോറിക്കുള്ളിൽനിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. മുഹമ്മദ് റാഫിയുടെ കാലുകൾ പുറത്തെടുക്കാൻ കഴിയാത്തവിധം കാബിനിൽ കുടുങ്ങിയ നിലയിലായിരുന്നു. ചെങ്ങന്നൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തി ലോറിയുടെ കാബിൻ കട്ടറുപയോഗിച്ച് മുറിച്ചുമാറ്റിയാണ് ഇയാളെ പുറത്തെടുത്തത്. കാലിന് ഒടിവുണ്ട്. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം പെണ്ണുക്കര റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.