ചെങ്ങന്നൂർ : കൊവിഡ് പോസിറ്റീവായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാലുപേരെയും തെരുവിൽ കഴിഞ്ഞ രണ്ടുപേരെയും കിടങ്ങന്നൂർ കരുണാലയം അമ്മവീട് ഏറ്റെടുത്തു. ജില്ലാ ആശുപത്രിയിൽ കൊവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന മല്ലപ്പള്ളി സ്വദേശി ഡേവിഡ് (69), സുക്കൂർ (76), പുനലൂർ സ്വദേശി ബാലചന്ദ്രൻ (60), സുരേന്ദ്രൻ (59) എന്നിവരെ കൊവിഡ് നെഗറ്റീവായിട്ടും ബന്ധുക്കൾ ഏറ്റെടുക്കാൻ തയാറായില്ല. തുടർന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എസ്.പ്രതിഭ ജില്ലാ പഞ്ചായത്തിൽ വിവിരമറിയിച്ചു. തുടർന്ന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ കിടങ്ങന്നൂർ കരുണാലയം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനെ വിവരമറിയിക്കുകയും തുടർന്ന് അമ്മവീട് ഏറ്റെടുക്കുകയുമായിരുന്നു. കൂടാതെ കോഴഞ്ചേരിയിൽ അലഞ്ഞ് തിരിഞ്ഞു നടന്ന് കടത്തിണ്ണകളിലും അന്തിയുറങ്ങിയിരുന്ന രോഗിയായ രാജു (48) നേയും പെരുനാട് ഭാഗത്ത് അലഞ്ഞ് നടന്ന മുകേഷ് കുമാർ (48) നേയും കരുണാലയം അമ്മവീട് ഏറ്റെടുത്തു.